SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

വൈദ്യുതി സംഭരണത്തിന് പുതിയ പദ്ധതികൾ

ss

വൈദ്യുതി പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് വൈദ്യുതി സംഭരണത്തിന് 14,500 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കേന്ദ്ര മന്ത്രിസഭാ നടപടി. നിലവിൽ സൗരവൈദ്യുതി സംഭരിച്ചുവയ്ക്കുന്ന 'ബെസ്' (ബാറ്ററി എനർജി സ്റ്രോറേജ് സിസ്റ്റം) പദ്ധതിക്കു മാത്രമാണ് സംസ്ഥാനത്ത് അല്പമെങ്കിലും ചലനമുള്ളത്. ഇതിനു പുറമേ,​ പമ്പ്ഡ് ജലവൈദ്യുതി പദ്ധതികൾക്കും പുതിയ സംഭരണ സാങ്കേതിക വിദ്യകൾക്കുമായാണ് കേന്ദ്രം വലിയ തുക നീക്കി വച്ചിരിക്കുന്നത്. അണക്കെട്ടുകളിൽ വൈദ്യുതി ഉത്പാദനത്തിന് ഒരിക്കൽ ഉപയോഗിക്കുന്ന വെള്ളം പമ്പ് ചെയ്ത് മുകളിലെത്തിച്ച് വലിയ സംഭരണികളിൽ ശേഖരിക്കുകയും,​ വൈദ്യുതിക്ഷാമം നേരിടുന്ന സമയത്ത് വീണ്ടും ഊർജ്ജോത്പാദനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് പമ്പ്ഡ് ജലവൈദ്യുതി പദ്ധതി. സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതിക്കുള്ള സാദ്ധ്യതയെക്കുറിച്ച് പ്രാരംഭ പഠനം നടന്നതല്ലാതെ ആ വഴിക്ക് പിന്നെ ആലോചനയുണ്ടായില്ല.

കെ.എസ്.ഇ.ബി ലക്ഷ്യമിട്ട ആറ് ബെസ് പദ്ധതികളിൽ പൂർത്തിയായത് കാസർകോട്

മുള്ളേരിയിലെ 15 മെഗാവാട്ട് പദ്ധതി മാത്രം. മൈലാട്ടി, ശ്രീകണ്ഠാപുരം, അരീക്കോട്, പോത്തൻകോട് എന്നിവിടങ്ങളിലെ 'ബെസ്' നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ബ്രഹ്മപുരത്താകട്ടെ,​ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. ഇവയെല്ലാം പ്രവർത്തിച്ചുതുടങ്ങിയാലും ദിവസവും രാത്രികളിൽ ആകെ 500 മെഗാവാട്ട് വൈദ്യുതി നാലു മണിക്കൂർ വിതരണം ചെയ്യാനേ സാധിക്കൂ. പ്രതിദിനം 900 മെഗാവാട്ടിന്റെ വരെ വൈദ്യുതി കമ്മി നേരിടുന്ന നമ്മൾ പുതിയ സംഭരണ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകളിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അർത്ഥം. പുതിയ ജലവൈദ്യുതി പദ്ധതികൾക്കോ ആണവ വൈദ്യുതി പദ്ധതിക്കോ കേരളത്തിൽ സാദ്ധ്യത കുറവായ സാഹചര്യത്തിൽ കേന്ദ്രം പ്രഖ്യാപിച്ച സംഭരണ പദ്ധതി കേരളത്തിന് എങ്ങനെയെല്ലാം അനുഗുണമാക്കാം എന്നാണ് ചിന്തിക്കേണ്ടത്.

പമ്പ്ഡ് ജലവൈദ്യുതി പദ്ധതികൾക്കാണ് കേന്ദ്രം മുൻതൂക്കം നൽകുന്നത്. സംഭരണ ശേഷി വികസിപ്പിക്കാൻ കേരളം നേരത്തേ തന്നെ കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ പദ്ധതിയിൽ എത്ര സംഭരണശേഷിയുടെ സഹായം ലഭിക്കുമെന്നോ,​ ഏതൊക്കെ പദ്ധതികൾ അംഗീകരിക്കുമെന്നോ വ്യക്തമല്ല. ലക്ഷ്യമിട്ട സൗരവൈദ്യുതി സംഭരണ സംവിധാനം പൂർത്തിയാകാൻ വൈകുന്നതിന് കാരണം സംഭരണാവശ്യത്തിനുള്ള ബാറ്ററികൾ ചൈനയിൽ നിന്ന് ലഭിക്കാനുള്ള കാലതാമസമാണ്. അവിടെത്തന്നെ ആവശ്യകത അധികമായതാണ് കാരണമത്രേ. കൂടുതൽ 'ബെസ്' പദ്ധതികൾ പ്രഖ്യാപിച്ചാലും ബാറ്ററി ക്ഷാമം പ്രശ്നമായി തുടരാനാണ് സാദ്ധ്യത. അതുകൊണ്ട്,​ നിലവിലെ വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട് പമ്പ്‌ഡ് ജലവൈദ്യുതി പദ്ധതികൾ സജ്ജമാക്കുകയാവും കൂടുതൽ പ്രായോഗികം. ഒപ്പം,​ പുതിയ സംഭരണ സാങ്കേതിക വിദ്യകൾക്കുള്ള സഹായവും പ്രയോജനപ്പെടുത്തണം.

നടപ്പു സാമ്പത്തിക വർഷം മുതൽ 2030- 31 വരെയുള്ളതാണ് പദ്ധതിയെന്നിരിക്കെ താത്പര്യപ്പെടുന്ന പദ്ധതികളെക്കുറിച്ച് പഠനത്തിനും റിപ്പോർട്ട് തയ്യാറാക്കലിനും പദ്ധതി സമർപ്പണത്തിനും മറ്റും തീരെ സമയമില്ല. സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മത്സരാധിഷ്ഠിത ടെണ്ടറിലൂടെ പദ്ധതികളിൽ പങ്കാളികളാകാൻ അവസരമുണ്ട്. വലിയ വില കൊടുത്ത് വർഷാവർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും,​ ആ അധികബാദ്ധ്യത ഉപഭോക്താക്കളുടെ ചുമലിൽ കെട്ടിവയ്ക്കുകയുമാണ് വൈദ്യുതി ബോർഡ് ഏറെക്കാലമായി തുടരുന്ന രീതി. വേനൽ തുടങ്ങുമ്പോഴേക്കുതന്നെ വൈദ്യുതി ഉത്പാദനത്തിനു വേണ്ടുന്നത്ര വെള്ളം അണകളിൽ ബാക്കിയില്ലാതാകുന്നതാണ് കേരളത്തിലെ പ്രശ്നം. പമ്പ്ഡ് ജലവൈദ്യുതി പദ്ധതിയാകുമ്പോൾ വെള്ളം പുനരുപയോഗിക്കുന്നതുകൊണ്ട് ആ തടസമുണ്ടാകില്ല. അതുകൊണ്ട് പദ്ധതി പഠനവും റിപ്പോർ‌ട്ട് തയ്യാറാക്കലും 'മുറപോലെ' ആയാൽപ്പോരാ,​ കുറച്ച് ധൃതിയിൽത്തന്നെ വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION