
കരുണാമയനായ ദൈവം മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും കുടികൊള്ളുന്നതായാണ് വിശ്വാസം. അതുപോലെ ന്യായത്തിന്റെ തുലാസേന്തിയ നീതി ദേവതയ്ക്കും സമസ്ത മേഖലയിലുമുണ്ട് സ്ഥാനം. നിയമത്തിന്റെ ഇടപെടൽ കോടതി മുറികളിൽ ഒതുങ്ങുന്നില്ല. അത് നമ്മുടെ ജീവിത പരിസരങ്ങളിലെല്ലാം പടരുന്നു. നീതിയുടെ കരങ്ങൾ ഏതു സാധാരണക്കാർക്കും പ്രാപ്യമാണെന്നു തെളിയിക്കാൻ കേരള സംസ്ഥാന നിയമസഹായ വേദി വഹിച്ച പങ്ക് വലുതാണ്. 'കെൽസ" എന്ന ഈ പ്രസ്ഥാനത്തെ ഏറ്റവും ജനകീയമാക്കിയ മുൻനിര സാരഥികളുടെ പട്ടികയിൽ പി. മോഹൻദാസ് എന്ന മുൻ ന്യായാധിപന്റെ പേര് എന്നും ജ്വലിച്ചുനിൽക്കും.
കെൽസ മെമ്പർ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ച അഞ്ചുവർഷക്കാലം (2008- 13) സംഭവ ബഹുലമായി. വിശ്രമം മാറ്റിവച്ച് കർമ്മനിരതനായ നാളുകൾ നാടിന് സമ്മാനിച്ചത് സമാനതകളില്ലാത്ത നിയമ സമാശ്വാസവും അവബോധ പരിപാടികളുമാണ്. സാന്ത്വനവും ബോധവത്ക്കരണവുമായി നിയമ സഹായ വേദിക്ക് എവിടെയെല്ലാം കടന്നുചെല്ലാമെന്ന് തെളിയിച്ച കാലം. പി. മോഹൻദാസ് പിന്നീട് വഹിച്ച പദവികളിൽ ഈ അനുഭവങ്ങളിൽ നിന്നുള്ള ജനകീയതയും സഹാനുഭൂതിയും പ്രതിഫലിച്ചു. കുടുംബ കോടതി ജഡ്ജി, മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഉത്തരവുകൾ പലതും നിയമ രംഗത്ത് മാതൃകയായി.
കടലിൽ അലഞ്ഞവർക്കും
കരയിൽ വലഞ്ഞവർക്കും
ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ എന്നിവർ എക്ലിക്യൂട്ടീവ് ചെയർമാൻമാരായിരുന്ന കാലയളവിലാണ് ജില്ലാ ജഡ്ജികൂടിയായിരുന്ന മോഹൻദാസ് കെൽസയിൽ പ്രവർത്തിച്ചിരുന്നത്. അക്കാലത്തെ പല ഇടപെടലുകളും വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. കുടിവെള്ളവും ഭക്ഷണവുമില്ലാതെ പുറംകടലിൽ വലഞ്ഞ മണ്ണുമാന്തി കപ്പലിലെ ക്യാപ്ടനും ജീവനക്കാർക്കും ലക്ഷങ്ങളുടെ ശമ്പള കുടിശിക അനുവദിക്കാൻ ഇടപെട്ടതാണ് അതിൽ ഒരു സംഭവം.
കപ്പൽ ഉടമകളുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടനടി 12 ലക്ഷം രൂപ കൈമാറുകയും ബാക്കിയുള്ള 22 ലക്ഷം ഗഡുക്കളായി പലിശ സഹിതം കൈമാറുന്നതിന് തീരുമാനമുണ്ടാക്കുകയും ചെയ്തു. കോടതി കയറിയെങ്കിൽ വർഷങ്ങൾ നീണ്ടുപോകുമായിരുന്ന തർക്കമാണ് മണിക്കൂറുകൾക്കുള്ളിൽ രേഖാമൂലം ഒത്തുതീർപ്പാക്കിയത്.
കൊച്ചി തുറമുഖ ട്രസ്റ്റിന് വേണ്ടിയാണ് മുംബയിലെ മെക്കാ എന്ന മണ്ണുമാന്തി കപ്പൽ പുറംകടലിൽ എത്തിയത്. കപ്പലിന്റെ ഉടമയും തുറമുഖ ട്രസ്റ്റും തമ്മിലുള്ള തർക്കത്തിലാണ് ജീവനക്കാർ പ്രതിസന്ധിയിലായത്. മലയാളിയായ ക്യാപ്ടൻ കെൽസയ്ക്ക് ഇ-മെയിൽ സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും രമ്യമായി പരിഹരിച്ചതും.
കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിനിരയായ ജർമ്മൻകാരിക്ക് മോഹൻദാസ് മുൻകൈയെടുത്ത് പണം വീണ്ടെടുത്ത് നൽകിയതും പ്രശംസനീയമായ ഇടപെടലായിരുന്നു. 2009ലായിരുന്നു ഇത്.
കേരളത്തിൽ നിക്ഷേപ താത്പര്യവുമായെത്തിയ യുവ ബിസിനസുകാരി ഉർസുല ആലീസ് പെരേരയാണ് കബളിപ്പിക്കപ്പെട്ടത്. കൊച്ചിയിൽ പരിചയപ്പെട്ട ജോബിൻ കെ. ജോസഫ് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ കൈപ്പറ്റി. ഇതിന് തെളിവുകളുണ്ടായിരുന്നു. എന്നാൽ നിക്ഷേപ സംരംഭങ്ങൾ ഒന്നും ശരിയായില്ല. പണം നഷ്ടപ്പെട്ടുവെന്ന് സംശയിക്കേണ്ടി വന്നു. ജോബിൻ ജോസഫിൽ നിന്ന് അനുകൂല പ്രതികരണം ഇല്ലാതെ വന്നപ്പോൾ ഉർസുല പൊലീസിൽ പരാതി നൽകി. ജോബിൻ അറസ്റ്റിലായി. കോടതി കയറിയിറങ്ങാനുള്ള അസൗകര്യം കണക്കിലെടുത്താണ് ജർമ്മൻ യുവതി മദ്ധ്യസ്ഥ സാദ്ധ്യത തേടിയത്. തുടർന്ന് ന്യായാധിപരുടെ സാന്നിദ്ധ്യത്തിൽ വാദിയും പ്രതിയും ഒത്തുതീർപ്പിലെത്തി. അതനുസരിച്ച് 18 ലക്ഷം രൂപ യുവതിക്ക് ആറ് മാസം കൊണ്ട് തിരിച്ചു നൽകുമെന്ന് ജോബിൻ ഉറപ്പുനൽകി. ഉറപ്പ് പാലിച്ചില്ലെങ്കിൽ 26 ലക്ഷം രൂപയും തിരിച്ചു പിടിക്കാനും ധാരണയുണ്ടാക്കി. കെൽസയ്ക്ക് നന്ദിയറിയിച്ചാണ് മടങ്ങിയത്.
ഒരു മതസംഘടന മണിപ്പൂരിൽ നിന്ന് കേരളത്തിലെത്തിച്ച 20 പെൺകുട്ടികളെ മാതാപിതാക്കളുടെ പക്കൽ തിരിച്ചെത്തിക്കാനും കെൽസ അക്കാലത്ത് മുൻകൈയെടുത്തിരുന്നു. കുട്ടികൾക്ക് ഇവിടെ പഠന സൗകര്യമടക്കം ഈ സംഘടന നൽകിയിരുന്നെങ്കിലും നടപടി നിയമപരമല്ലാത്തതിനാലാണ് ഇടപെട്ടത്. തുടർന്ന് വീടുകളിൽനിന്ന് കാണാതാവുകയും വിവിധ സംസ്ഥാനങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിലും ജുവനൈൽ ഹോമുകളിലും കഴിയുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുന്നതിനായി സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ വെബ്സൈറ്റ് ആരംഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയവരും ജുവനൈൽ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, സ്പെഷ്യൽ ഹോമുകൾ എന്നിവിടങ്ങളിൽ കഴിയുന്നവരുമായ കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കി. പല കുടുംബങ്ങളേയും തങ്ങളുടെ കുട്ടികളുമായി ഒന്നിപ്പിക്കാൻ ഈ സംരംഭത്തിനായി.
ജനകീയ സദസുകൾ
മോഹൻദാസിനെ കെൽസ മെമ്പർ സെക്രട്ടറി സ്ഥാനത്തേക്ക് വിളിച്ചത് അന്ന് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫാണ്. ഇത് പാവപ്പെട്ടവർക്ക് നിയമ സഹായം നൽകുന്ന വേദിയാണ്. അർപ്പണബോധത്തോടെ ഏറ്റെടുക്കാമെങ്കിൽ മാത്രം സ്വീകരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻദാസ് അത് സമ്മതിക്കുകയും കെൽസയിലെ കർമനിരതമായ സേവന കാലം അവിസ്മരണീയമാക്കുകയും ചെയ്തു. അത്രയധികം നിയമാവബോധ പരിപാടികളും നിയമസഹായ പദ്ധതികളുമാണ് 5 വർഷത്തിനിടെ ദീർഘവീക്ഷണത്തോടെ നിർവഹിച്ചത്. അതിനായി ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചു. അതിന് പറ്റിയ ഒരു വാഹനവും ഡ്രൈവറുമാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്കാകെ മാതൃകയായ കർമ പദ്ധതിയുടെ പേരിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പൊതുവേദിയിൽ വച്ച് പ്രശംസിച്ചത് മോഹൻദാസിന് മധുരതരമായ ഓർമ്മയാണ്. വാരാന്ത്യാവധി പോലും മാറ്റി വച്ച് സംഘടിപ്പിച്ചവയിൽ പരിസ്ഥിതി ദിന പരിപാടി മുതൽ ഇൻഡസ്ട്രിയൽ കോംപെറ്റീഷൻ നിയമ സെമിനാർ വരെയുണ്ട്.
സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ പ്രവർത്തനങ്ങളും പബ്ലിക് ഓഡിറ്റിംഗിന് വിധേയമാക്കി. സൈബർ നിയമങ്ങളും പോക്സോ ആക്ടും ഗ്രാമ ന്യായാലയങ്ങളും വരുന്നതിന് ഏറെ മുമ്പുതന്നെ ബന്ധപ്പെട്ട വിഷയത്തിൽ ശില്പശാലകൾ നടത്തി. നിയമ സഹായം ജനകീയമാക്കുന്നതിനായി ലീഗൽ എയ്ഡ് ക്ലിനിക്കുകൾ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. എല്ലാ ജില്ലാ, താലൂക്ക് തലങ്ങളിലും സെൻട്രൽ ജയിലുകളിലുമടക്കം ഇത്തരം സേവനങ്ങൾ സംഘടിപ്പിച്ചു. കേസുകളുടെ മീഡിയേഷന് ഏറ്റവും പ്രചാരണം നൽകാനും ശ്രദ്ധിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 500 അഭിഭാഷകർക്ക് ഇതിൽ പരിശീലനം നൽകി. കോടതികളിൽ ഇന്നും മീഡിയേഷന് ഹാജരാകുന്നത് ഇവരെല്ലാമാണ്. അതുമായി ബന്ധപ്പെട്ട് എ.ഡി.ആർ സെന്റർ തുടങ്ങിയതും ഈ സമയത്താണ്. പ്രതിമാസ അവലോകന യോഗങ്ങളിലൂടെ ജില്ലാ, താലൂക്ക് നിയമസഹായവേദികളിൽ പ്രവർത്തിക്കുന്നവർക്ക് നിയമസഹായം നൽകാനും ശ്രദ്ധിച്ചു.
മൊബൈൽ ലോക് അദാലത്ത് എന്ന വിപ്ലവകരമായ സേവനത്തിന് തുടക്കമിട്ടതും പി. മോഹൻദാസിന്റെ നേതൃത്വത്തിലാണ്. ശീതികരിച്ച വാഹനത്തിൽ സജ്ജമാക്കിയ മൊബൈൽ അദാലത്തുവഴി നിയമക്കുരുക്കുകളിലായിരുന്ന ഒട്ടേറെ കേസുകൾക്കാണ് തീർപ്പാക്കിയത്. ജഡ്ജിയും ജീവനക്കാരുമുള്ള അദാലത്ത് വാഹനം ഓരോ ഇടങ്ങളിലും എത്തി തത്സമയം തീർപ്പുപറഞ്ഞ് വിധിപ്പകർപ്പു നൽകുന്നതായിരുന്നു രീതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ സ്ഥിരം ലോക് ആദാലത്തുകൾ സ്ഥാപിച്ചതും ഇതേ കാലയളവിൽത്തന്നെ.
റാഗിംഗ്, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ഗാർഹിക പീഡനം, ജൈവവൈവിദ്ധ്യം, പ്രമേഹ -കൊളസ്ട്രോൾ നിവാരണം എന്നീ വിഷയങ്ങളിൽ ക്യാമ്പുകളും ക്യാമ്പെയ്നുകളും നടത്തി. സീനിയർ സിറ്റിസൺസ് ഡേ സെമിനാർ, ജൂവനൈൽ നിയമ സെമിനാർ, വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ലീഗൽ ക്വിസ് മത്സരം തുടങ്ങിയവയും പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കുട്ടികളുടെ അവകാശ സംരക്ഷണാർത്ഥം ഡോവ് മിഷൻ, കുട്ടി മിഷൻ പദ്ധതികളുമായി നടത്തിയ പ്രവർത്തനങ്ങൾക്ക് അന്ന് കെൽസയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കായി ലെസൺസ് ഇൻ ലാ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.
സ്ത്രീശാക്തീകരണത്തിൽ നാടെങ്ങും ബോധവത്കരണ പരിപാടികളും നടത്തി. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോൾ അദ്ദേഹം പങ്കെടുത്ത വേദിയിൽ ഈ വിഷയത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതും മോഹൻദാസിന് അഭിമാനസ്മരണയാണ്.
വലിയ ദൗത്യം
ചേർത്തലയ്ക്കടുത്ത് കോടംതുരുത്ത് ഗ്രാമത്തിലാണ് മോഹൻദാസിന്റെ ജനനം. അച്ഛൻ പി.എൻ. പുരുഷോത്തമൻ, അമ്മ ഭാസുരാംഗി. മലയാളം മീഡിയം സ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠിച്ചത്. തുടർന്ന് ചേർത്തല സെന്റ് മൈക്കിൾസ്, തേവര എസ്.എച്ച്. കോളേജുകളിൽ ഉപരിപഠനം. തുടർന്ന് എറണാകുളം ലാ കോളേജിൽ നിന്നാണ് നിയമബിരുദമെടുത്തത്. അഡ്വ. എം. കുമാരന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. സിവിൽ, ക്രിമിനൽ കേസുകളിൽ ഹാജരായി. 1988ൽ മുനിസിഫായി സിലക്ഷൻ ലഭിച്ചു. ഹൈക്കോടതി നേരിട്ടു നിയമിക്കുന്ന ആദ്യബാച്ചായിരുന്നു ഇത്. അതുവരെ പി.എസ്.സിയാണ് മുനിസിഫുമാരെ നിയമിച്ചിരുന്നത്. ഇവിടെനിന്നാണ് അദ്ദേഹം നീതിപീഠത്തിലെ തന്റെ ജൈത്രയാത്ര ആരംഭിച്ചത്. തൃശൂർ സബ് ജഡ്ജ്, ലോകായുക്ത ഡെപ്യൂട്ടി രജിസ്ട്രാർ, ജില്ലാ ജഡ്ജ് തുടങ്ങിയ പദവികളും വഹിച്ചു. പഠനകാലത്ത് എസ്.എൻ.ഡി.പി കോടംതുരുത്ത് ശാഖായോഗം പ്രസിഡന്റായി. അഭിഭാഷകനായിരുന്നപ്പോൾ കേരള ഡ്രൈവേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റായിരുന്നു. നിലവിൽ നാഷണൽ ഹ്യൂമൻ റൈറ്റസ് കമ്മിറ്റി നാഷണൽ ചെയർമാനുമാണ്.
എറണാകുളം കുടുംബക്കോടതി ജഡ്ജിയെന്ന നിലയിൽ ഒന്നരവർഷം കൊണ്ട് 6500 കേസുകൾക്ക് വിധി പറഞ്ഞു പി. മോഹൻദാസ്. ദിലീപ്- മഞ്ജുവാര്യർ വിവാഹമോചനക്കേസ്, മുകേഷ് - സരിത വിവാഹമോചനക്കേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു കേസിൽ അദ്ദേഹം റിസ്കെടുത്തു ചെയ്ത ഒരു കാര്യം പിന്നീട് നിയമപരമായതും ചരിത്രം. പര്സപര സമ്മതത്തോടെയുള്ള വിവാഹമോചനം അനുഭവദിക്കണമെങ്കിൽ ഭാര്യയും ഭർത്താവും കോടതിയിൽ നേരിട്ടുഹാജരാകണമെന്നാണ് നിയമം. എന്നാൽ ഒരു കേസിൽ ഭർത്താവ് പക്ഷാഘാതം പിടിപെട്ട് ഡൽഹിയിലായിരുന്നു. ഭാര്യയ്ക്ക് വലിയ തുക നഷ്ടപരിഹാരം നൽകാൻ ഇദ്ദേഹം തയാറായിരുന്നു. എന്നാൽ കോടതിയിൽ നേരിട്ടെത്താൻ നിർവാഹമില്ല. ഇക്കാര്യത്തിൽ കീഴ്വഴക്കം മറികടന്ന് മോഹൻദാസ് നിലപാടെടുത്തു. ലാപ്ടോപ്പുകൾ വഴി വീഡിയോ കോൺഫറൻസ് നടത്തി തീരുമാനമുണ്ടാക്കി. വീഡിയോ കോൺഫറൻസിംഗ് നടപടികൾ അധികം വൈകാതെ ഉന്നതനീതിപീഠങ്ങളും അനുവർത്തിച്ചുതുടങ്ങിയത് ഭാഗ്യമായി. മനുഷ്യവകാശ കമ്മിഷൻ അംഗം, ആക്ടിംഗ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ വിട്ടിവീഴ്ചയില്ലാത്ത സമീപനങ്ങൾ ചർച്ചയായിരുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും കൊലക്കുറ്റം നിലനിൽക്കുമെന്നും തുറന്നടിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. കോവളത്ത് കാണാതായ വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് വീഴ്ചകൾ തുറന്നുകാട്ടിയതും മോഹൻദാസാണ്. യാത്രകൾ ഏറെ ഇഷ്ടമായ അദ്ദേഹം അഞ്ചു വൻകരകളിലായി 20 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ഇപ്പോൾ കൊച്ചി വെണ്ണലയ്ക്കടുത്ത് കോർട്ട്യാർഡ് അപാർട്ടമെന്റിൽ താമസം.
ധനലക്ഷ്മി ബാങ്ക് റിട്ട. ഉദ്യോഗസ്ഥയും മുൻ എം.എൽ.എയും 18 വർഷക്കാലം എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന പി.എസ്. കാർത്തികേയന്റെ മകളുമായ ഷെർല കാർത്തികേയനാണ് ഭാര്യ. ഒട്ടേറെ വക്കീലന്മാരുള്ള കുടുംബത്തിലെ അംഗം കൂടിയാണ് ഷെർല. മക്കൾ: ആര്യ(സോഫ്ട്വെയർ എൻജിനിയർ), അഖിൽ (കാനഡ). മരുമക്കൾ: സഞ്ജയ്, പല്ലവി. കൊച്ചുമക്കൾ: ദേവ് കൃഷ്ണൻ, വേദ.
ഒരുപാട് കഥകളുടെ കഥയല്ലിത്...
ജീവിതത്തിന്റെ ഉപജ്ഞാതാവ് !
പലവിധ സാഹചര്യങ്ങളിൽനിന്ന് ഒന്നായി തീർന്ന ദമ്പതികൾക്കിടയിൽ അനുദിന ഉടലെടുത്ത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അമൃത ടിവിയിൽ രൂപംകൊണ്ട കഥയല്ലിത് ജീവിതം എന്ന ജനപ്രിയ പരിപാടിയുടെ ഉപജ്ഞാതാവും ജഡ്ജ് പി . മോഹൻദാസനായിരുന്നു. എപ്പിസോഡുകൾ ആയിരം പിന്നിട്ട് കുതിച്ച ഈ പരിപാടി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. ഒരിക്കലും ഒന്നിക്കില്ലെന്ന് നിയമം വരെ വിധിയെഴുതിയ ദമ്പതികളെപ്പോലും കഥയല്ലിത് ജീവിതത്തിന്റെ ഫ്ളോറിൽ എത്തിച്ച് മനസ്സുകളുടെ ഉള്ളറകളിൽ ഉണ്ടായിരുന്നവ പുറത്തെടുത്ത് അവരെ കൂട്ടിയോജിപ്പിച്ച കഥയല്ലിത് ജീവിതം മലയാളി കുടുംബങ്ങളുടെ മനസ്സുകളിൽ ആണ് വേരുപിടിച്ചത്. അത്തരമൊരു പരിപാടിക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചത് തന്റെ ഔദ്യോഗിക ജീവിതത്തിലെ മികവാർന്നൊരേടായി അദ്ദേഹം ഓർത്തെടുക്കുന്നു.
ശ്രീകൃഷ്ണ സമക്ഷത്തിലെ നടനം
സമൂഹത്തിനൊരു സന്ദേശം
പി. മോഹൻദാസ് തന്റെ 71-ാം വയസിൽ ഗുരുവായൂരിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയത് അടുത്തിടെ വാർത്തയായിരുന്നു. കുട്ടികളും യുവാക്കളും വയോധികരുമുൾപ്പെടുന്ന സമൂഹത്തിന് ഒരു സന്ദേശമായിരുന്നു തന്റെ അരങ്ങേറ്റമെന്ന് അദ്ദേഹം പറയുന്നു. മുതിർന്ന തലമുറയ്ക്ക് കർമ്മനിരതരാകാനുള്ള പ്രചോദനം, യുവാക്കൾക്ക് ലഹരി അഡിക്ഷനിൽ നിന്ന് അകന്നു നിൽക്കാനുള്ള ഒരു അറിയിപ്പ്, കുട്ടികൾക്ക് കലാകായിക പ്രവർത്തനങ്ങളിലേക്ക് മടങ്ങാനുള്ള സന്ദേശം. ഇതെല്ലാം ഉൾപ്പെടുന്ന കലാപ്രവർത്തനമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക പദവികളെല്ലാമൊഴിഞ്ഞ ശേഷം ഡോ. ചന്ദ്രിക സുന്ദരേശന്റെ ഹസ്ത സ്കൂൾ ഒഫ് ഡാൻസിലാണ് മോഹൻദാസ് നൃത്ത പഠനം നടത്തിയത്. ചെറുപ്പത്തിലെ ഒരിഷ്ടം റിട്ടയർമെന്റ് ജീവിതത്തിലെ വ്യായാമാക്കാം എന്ന് മാത്രമായിരുന്നു ചിന്ത. പ മറ്റ് നർത്തകർക്കൊപ്പം ഭംഗിയായി ചുവട് വയ്ക്കുന്നുവെന്ന് മനസിലാക്കിയ ഗുരു ചന്ദ്രികയാണ് മോഹൻദാസിനോട് നൃത്തത്തെ കാര്യമായി സമീപിക്കണമെന്നും അരങ്ങേറണമെന്നും നിർദ്ദേശിച്ചത്.
മോഹൻദാസിന്റെ അരങ്ങേറ്റത്തിന് സാക്ഷികളാകാനെത്തിയവരിൽ ജഡ്ജിമാരുമുണ്ടായിരുന്നു. സുപ്രീംകോടതി മുൻ ജസ്റ്റിസുമാരായ ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് കെ.എം. ജോസഫും ഫോണിൽ വിളിച്ച് ആശംസകൾ നേരുകയും ചെയ്തു. ചെറുപ്പം മുതലേ ഗായകനുമാണ് അദ്ദേഹം. ഗുരുവായൂരിൽ അടക്കം ഭക്തിഗാനമേള അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വിദേശത്ത് ആമസോൺ നദിയിലെ ക്രൂസ് കപ്പൽ യാത്രയ്ക്കിടെ 'ഇല്ലൂമിനാറ്റി' പാട്ടടക്കം പാടി വിവിധ ദേശക്കാരുടെ കൈയടി വാങ്ങിയതും പി. മോഹൻദാസ് ഓർമ്മകളിൽ സൂക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |