
തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ( വി എസ് എസ് സി) പരീക്ഷ തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ ഹരിയാന സ്വദേശികളായ നാല് പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഹരിയാനയിൽ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനാണ് മുഖ്യപ്രതി. സംഭവത്തിന് പിന്നിൽ വൻ സംഘങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരീക്ഷയെഴുതാനായി വിമാനത്തിലായിരുന്നു ഇവർ എത്തിയത്. തിരിച്ചും വിമാനത്തിൽ പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മുഖ്യപ്രതി ജോലി വാഗ്ദ്ധാനം ചെയ്ത്, തന്റെ കോച്ചിംഗ് സെന്ററിലെത്തുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുകയാണ് ഈടാക്കിയിരുന്നത്.
വി എസ് എസ് സി ടെക്‌നീഷ്യൻ - ബി വിഭാഗം തസ്തികയിലേയ്ക്കുള്ള പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. സുനിൽ, സുമിത്ത് എന്നീ പേരുകളിൽ മനോജ് കുമാർ, ഗൗതം ചൗഹാൻ എന്നിവരാണ് പരീക്ഷയെഴുതിയത്. ഇവർ കോട്ടൺ ഹിൽ, പട്ടം സെന്റ് മേരീസ് സ്കൂളുകളിലായിരുന്നു പരീക്ഷ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ആൾമാറാട്ടം നടന്നതായി റിപ്പോർട്ടുകളുണ്ട്.
വയറ്റിൽ ബെൽറ്റ് കെട്ടി അതിലാണ് ഫോൺ ഒളിപ്പിച്ചത്. ഫോണിന്റെ ക്യാമറ ഷർട്ടിന്റെ ബട്ടണിനോട് അടുപ്പിച്ച് ഒട്ടിച്ചുവച്ചു. തുടർന്ന് ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് ആർക്കോ അയച്ചുകൊടുത്തു. ചെവിയിലുള്ള ചെറിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി മറുവശത്ത് നിന്ന് പറയുന്ന ഉത്തരം കേട്ടെഴുതും. പ്രതികളിലൊരാൾ എൺപതിൽ എഴുപതിലധികം മാർക്കിന് ശരിയുത്തരം എഴുതിയിട്ടുണ്ട്.
അതേസമയം,പരീക്ഷയ്ക്ക് ആൾമാറാട്ടം നടക്കുന്നതായി പൊലീസിന് ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിച്ചിരുന്നു. ഇതോടെ പരീശോധന കർശനമാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |