
തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാന്റെ സഹോദരനായ അഫ്‌സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപ നോട്ടുകൾ ചിതറിക്കിടന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതി വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ആഭരണം തരാമെന്ന് പറഞ്ഞ് പണയം വയ്ക്കുന്നതിന് മുൻപ് തന്നെ കടമായി പണം വാങ്ങിയിരുന്നുവെന്നാണ് വിവരം. ഉച്ചയ്ക്ക് ആഭരണം തരാം എന്നാണ് പ്രതി പറഞ്ഞത്.
വീട്ടിൽ നിന്ന് ഇറങ്ങിയ അഫാൻ നേരെ സ്വർണപ്പണയ സ്ഥാപനത്തിലാണ് എത്തുന്നത്. സ്വർണം പിന്നെ കൊണ്ടുവരാം കുറച്ച് പണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. നേരത്തെ പരിചയമുള്ളതിനാൽ അവിടെന്ന് പണം നൽകി. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടിൽ നിന്ന് ചുറ്റിക വാങ്ങി. ഈ ചുറ്റികയുമായാണ് പ്രതി സൽമാബീവിയുടെ വീട്ടിലെത്തി കൊല നടത്തിയത്. അവിടെ നിന്ന് മാല കെെക്കലാക്കിയ ശേഷം വെഞ്ഞാറമൂട് തിരിച്ചെത്തി പണമിടപാട് സ്ഥാപനത്തിൽ മാല ഏൽപ്പിച്ചു.
പിന്നീടാണ് പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുന്നത്. ശേഷം വീട്ടിലേക്ക് തിരിച്ചെത്തി പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. പിന്നാലെ സഹോദരനെയും കൊലപ്പെടുത്തുകയായിരുന്നു. മാല പണയം വച്ചതിന്റെ ബാക്കി പണമായിരിക്കാം സഹോദരന്റെ മൃതദേഹത്തിന് അടുത്ത് കിടന്നതെന്നാണ് സൂചന. എല്ലാ കഴിഞ്ഞ ശേഷമാണ് ഓട്ടോറിക്ഷയിൽ പ്രതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുന്നത്. തുടർന്നാണ് പൊലീസ് അഫാന്റെ വീട്ടിലെത്തുന്നത്. ചോരയിൽ കുളിച്ച് കിടന്ന അഫാന്റെ ഉമ്മയുടെ കണ്ണ് അനങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |