
കൊച്ചി: സ്വത്ത് ജപ്തി ചെയ്യുന്നതിന് മുന്നോടിയായി നടത്തുന്ന 'കിണ്ണം മുട്ടി വിളംബരം" ചരിത്രത്തിലേക്ക്. കാലഹരണപ്പെട്ട ഈ നടപടി ഒഴിവാക്കാണമെന്നാണ് ഹൈക്കോടതി റൂൾ കമ്മിറ്റിയുടെ തീരുമാനം. ജപ്തി നടപടികൾ അറിയിക്കാൻ മാദ്ധ്യമങ്ങളടക്കമുള്ള സംവിധാനങ്ങളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ബോബൻ മട്ടുമന്ത 2022ൽ അന്നത്തെ ചീഫ് ജസ്റ്റിസിന് കത്ത് നൽകുകയായിരുന്നു. ജപ്തി ചെയ്യുന്ന വസ്തുവിനോട് ചേർന്നുള്ള സ്ഥലത്ത് ചെണ്ടകൊട്ടിയോ മറ്റ് പരമ്പരാഗത രീതികളിലോ വിളംബരം ചെയ്യുന്നതാണ് 'കിണ്ണം മുട്ടി വിളംബരം". 2016ൽ ഹൈക്കോടതി വിജ്ഞാപനപ്രകാരം വിളംബരത്തിനുള്ള നിരക്ക് 15 രൂപയിൽ നിന്ന് 100 രൂപയായി വർദ്ധിപ്പിച്ചിരുന്നു. പാലക്കാട് ജില്ലാ കോടതി നേരത്തേ നൽകിയ വിവരാവകാശ മറുപടിയിൽ, 2022 ജനുവരി മുതൽ ഒക്ടോബർ വരെ 56,000 രൂപ വിളംബര ചാർജായി ഈടാക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം ചൂണ്ടികാട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റൂൾ കമ്മിറ്റിയുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |