SignIn
Kerala Kaumudi Online
Sunday, 07 June 2026 2.01 AM IST

 രക്ഷാപ്രവർത്തന കേസ് തിരുത്തൽ -- കുറ്റം ഏറ്റുപറഞ്ഞ് എ.എസ്.ഐമാർ

b

ആലപ്പുഴ: മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് പിഴവ് സമ്മതിച്ച് എ.ഡി.ജി.പി ഓഫീസിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും . 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിന്റെ സമ്മർദ്ദം കാരണമാണെന്ന് ഇരുവരും മൊഴി നൽകിയതായറിയുന്നു.

കേസ് ഡയറി തിരുത്തിയത് സമ്മതിക്കാൻ ആദ്യം വിസമ്മതിച്ചു. തെളിവുകൾ നിരത്തി അന്വേഷണ സംഘത്തലവൻ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇരുവരും കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എ.ഡി.ജി.പിയുടെ ഓഫീസിലെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ശ്രീകാന്തും ഗിരീഷും വിളിച്ചത് 2024 ആഗസ്റ്റ് നാലിനാണ്. ഈ സമയം എ.ഡി.ജി.പി വയനാട്ടിലെ ദുരന്തഭൂമിയിലായിരുന്നു. ഇവിടെ നിന്ന് ഫോണിലാണ് നിർദേശങ്ങൾ നൽകിയിരുന്നത്. ആഗസ്റ്റ് 5ന് ഓഫീസിലെത്തിയ ഉദ്യോഗസ്ഥർക്ക് കോടതിയിൽ കൊടുക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചു കുറിപ്പു നൽകി. എന്നാൽ ഉദ്യോഗസ്ഥർ തിരുത്തുവരുത്തി റിപ്പോർട്ട് കോടതിയിൽ കൊടുത്തില്ല. തുടർന്ന് എ.ഡി.ജി.പിയുടെ നിർദേശപ്രകാരം 13ന് ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചു. ഓഫീസിൽ വച്ചു തന്നെ റിപ്പോർട്ട് തിരുത്തി എഴുതി. 15ന് എ.ഡി.ജി.പി റിപ്പോർട്ട് പരിശോധിച്ച് അംഗീകരിക്കുകയും ഇത് കോടതിയിൽ എത്തിയെന്ന് ഉറപ്പാക്കുകയും ചെയ്തു.

ഗ്രേഡ് എസ്.ഐമാർ മൊഴി നൽകിയതോടെ അടുത്തഘട്ടം അന്വേഷണം തെളിവുനശിപ്പിക്കൽ, കേസ് അട്ടിമറി ശ്രമം എന്നിവയിലേക്ക് കടക്കും. ഗിരീഷിനെയും ശ്രീകാന്തിനെയും മാപ്പുസാക്ഷികളാക്കിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA