
ചങ്ങനാശേരി : ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് പതാക ദിനാചരണത്തിന്റെ ഭാഗമായി പെരുന്ന മന്നം സമാധിയിൽ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്നവർക്ക് സംവരണം ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടത്. ജാതി സംവരണം മൂലം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അവഗണിക്കപ്പെടുകയാണ്. ഈ സ്ഥിതിയ്ക്ക് മാറ്റം വരണം. മന്നത്ത് പത്മനാഭനും ഇതേ നിലപാടാണ് നേരത്തെ ഉയർത്തിയിരുന്നത്. ഈ ആവശ്യം നടപ്പാക്കണമെന്ന നിലപാടാണ് എൻ.എസ്.എസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസിന്റെ പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുത്തു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് ഡോ. എം. ശശികുമാർ, സംഘടനാ വിഭാഗം മേധാവി ഡോ. കെ.ബി ജഗദീഷ്, ഡയറക്ടർ ബോർഡ് അംഗം എസ്. സുരേഷ്‌കുമാർ, കോളേജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഡോ. എസ്. സുജാത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |