SignIn
Kerala Kaumudi Online
Monday, 08 June 2026 12.14 PM IST

'റോഡിൽ എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്', മാനവീയം വീഥിയിൽ പൂട്ടിട്ട് പൊലീസ്; 12 മണികഴിഞ്ഞാൽ ഒഴിഞ്ഞ് പോകണം

READ ENGLISH VERSION

manaveeyam-vidhi

തിരുവനന്തപുരം: സംഘർഷങ്ങൾ തുടർച്ചയാകുന്നതിന്റെ പശ്ചാത്തലത്തിൽ മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥിയിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണം. സ്റ്റേജ് പരിപാടികളും ഉച്ചഭാഷിണിയും പൂർണമായും ഒഴിവാക്കണമെന്നും കമ്മിഷണർക്ക് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ശുപാർശ നൽകി.

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടി അവസാനിച്ചതിനാൽ മാനവീയത്ത് തിരക്ക് കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഉച്ചഭാഷിണി ഉപയോഗിക്കാൻ ഒരാൾക്ക് അനുമതി നൽകുന്നത് മറ്റുള്ളവർക്ക് തടസമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസിന്റെ നിരീക്ഷണം. മാനവീയം വീഥിയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഡ്രക് ഡിറ്റക്ഷൻ കിറ്റുകൾ, ബ്രത്ത് അനാലിസർ എന്നിവ മാനവീയത്ത് നടപ്പിലാക്കാൻ സാദ്ധ്യതയുള്ളതായി തിരുവനന്തപുരം കമ്മിഷണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.അക്രമങ്ങൾ ആവർത്തിച്ചാൽ നിയന്ത്രണങ്ങൾ ഇനിയും വർദ്ധിപ്പിക്കും. നൈറ്റ് ലൈഫ് എന്ന് പറയുന്നത് ഷോപ്പിംഗ്, എന്റർടൈൻമെന്റ്, ഡൈനിംഗ് എന്നിവയൊക്കെയാണ്. സ്ത്രീകൾ, കുടുംബങ്ങൾ, പ്രായമായവർ, കുട്ടികൾ, യുവാക്കൾ എല്ലാവരും ഇവിടെ വരണം. ഒരാളുടെ എൻജോയിൻമെന്റ് മറ്റുള്ളവർക്ക് ശല്യമാകാൻ പാടില്ല. എല്ലാം സ്വതന്ത്രമായ എന്റർടെയിൻമെന്റ് അല്ല. റോഡിൽ പോയി എന്തും ചെയ്യാനാകില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പത്ത് മണികഴിഞ്ഞാൽ മൈക്ക്, ഡ്രംസ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിയമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മാനവീയം വീഥിയിൽ ഇന്നലെയും ആക്രമണമുണ്ടായി. അ‌ർദ്ധരാത്രിയോടെ മദ്യപിച്ചെത്തിയ സംഘം പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. സംഘർഷത്തിൽ നെട്ടയം സ്വദേശിയായ സ്ത്രീയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ നെട്ടയം, നെയ്യാറ്റിൻകര സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

വീഥിയിൽ പാട്ടും ഡാൻസുമൊക്കെ നടക്കുന്നതിനിടെ അക്രമിസംഘം കസേരകൾ തള്ളിമാറ്റിയതാണ് സംഘർഷത്തിന് കാരണമായത്. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ ആൽത്തറ പരിസരത്തേയ്ക്ക് മാറ്റി. പിന്നാലെ ഇവർ പൊലീസിനുനേരെ കല്ലെറിയുകയായിരുന്നു.

ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ പ്രതികളെ പൊലീസ് തിരയുന്നതിനിടെയാണ് വീണ്ടും അക്രമം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ 1.30നായിരുന്നു ആക്രമണമുണ്ടായത്. പരിപാടി കാണാനെത്തിയ പൂന്തുറ സ്വദേശി അക്‌സലൻ (27)​,​ അനുജൻ ജനീഷ് എന്നിവരെ ഒരു സംഘം വള‍ഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

അക്‌സലനെ സംഘം നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദ്ദനത്തിൽ അക്‌സലന്റെ തലയ്ക്ക് പരിക്കേറ്റു. കലാപരിപാടിക്കിടെ നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. അക്‌സലനെ മർദ്ദിക്കുമ്പോൾ ഒരു സംഘം ചുറ്റിലും നൃത്തം വയ്ക്കുന്നതും ആ‍ർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ശിവയെന്ന ആളിലൂടെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MANAVEEYAM VEEDHI, NIGHTLIFE, RESTRICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA