SignIn
Kerala Kaumudi Online
Sunday, 07 June 2026 1.33 AM IST

കൊലപാതകമാകാം; ഗൂഢാലോചന നടന്നു, നവീന്റെ മരണം: സി.ബി.ഐ വരണം, ഭാര്യയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

READ ENGLISH VERSION

naveen-babu-case

കൊച്ചി/തിരുവനന്തപുരം/പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകിയത് പത്തനംതിട്ടയിലെ സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി.

കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നും സംഭവത്തിനു പിന്നിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചു. ഹർജി ഇന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പരിഗണിക്കും.

കേസ് സി.ബി.ഐലേക്ക് പോകാതിരിക്കാൻ സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

ഏക പ്രതിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ രക്ഷിക്കുന്ന തരത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളെന്ന് ഹർജിയിൽ പറയുന്നു. ദിവ്യയുടെ സ്വാധീനത്തിന് ജില്ലാ കളക്ടർ വഴങ്ങിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു. തെറ്റു ചെയ്തതായി നവീൻ പറഞ്ഞെന്ന നിലയിൽ പിന്നീട് കളക്ടർ അരുൺ കെ.വിജയൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം.

യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗവും പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന്റെ പേരിൽ കെട്ടിച്ചമച്ച കത്തുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. നവീൻ അഴിമതിക്കാരനാണെന്ന് പ്രസംഗിച്ച ദിവ്യ അതു പ്രചരിപ്പിക്കാൻ ക്യാമറാമാനെയും വരുത്തിയിരുന്നു. നവീൻ ബാബു ജോലി ചെയ്യേണ്ടിയിരുന്ന പത്തനംതിട്ട ജില്ലയിലെ ഓഫീസിലേക്ക് അടക്കം അയച്ചുകൊടുത്തു. മരണത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണിവ.

പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണത്തിന് യാതൊരു താത്പര്യവും കാട്ടുന്നില്ല. തെളിവുകൾ മറച്ചുവയ്ക്കാനാണ് ശ്രമം. പാർട്ടി സ്വാധീനമുള്ള ദിവ്യയെ പേടിച്ച് നവീനിന്റെ സഹപ്രവർത്തകർ പോലും വസ്തുത പറയാൻ തയ്യാറാകുന്നില്ല. അതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് അഡ്വ. ജോൺ എസ്.റാൾഫ് മുഖേന നൽകിയ ഹർജിയിലെ ആവശ്യം. പ്രത്യേക സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹ‌‌ർജിയിലുണ്ട്. മുരളീധരൻ കോഞ്ചേരില്ലം എന്നയാളുടെ പൊതുതാത്പര്യ ഹർജിയും എത്തിയിട്ടുണ്ട്.

അന്വേഷണത്തിൽ ഗുരുതര വീഴ്ച

1.ഇൻക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം അറിയാവുന്ന പൊലീസ് അത് ലംഘിച്ചു. ആത്മഹത്യയാണോ എന്ന് വിലയിരുത്തുന്ന പ്രാഥമിക ശാസ്ത്രീയ പരിശോധനകൾ മൃതശരീരം കണ്ടിടത്ത് ഉണ്ടായിട്ടില്ല. വിരലടയാള/സയന്റിഫിക് വിദഗ്ധരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കാണുന്നില്ല.

2.ഒക്ടോബർ 14ന് യാത്രഅയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ആരെല്ലാം സന്ദർശിച്ചെന്ന് കണ്ടെത്തണം. കളക്ടറേറ്റ് പരിസരത്തെയും സ്റ്റാഫ് ക്വാർട്ടേഴ്സിലെയും റെയിൽവേ സ്റ്റേഷനിലെയും സി.സി ടിവി ദൃശ്യങ്ങൾ നിർണായകം. പ്രത്യേകസംഘം ഇത് പിടിച്ചെടുത്തിട്ടില്ല.

3.നവീൻ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചത്. കോഴ നൽകിയെന്നും തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും പ്രശാന്തൻ സമ്മതിച്ചിട്ടും നടപടിയെടുത്തില്ല.

നവീൻ ബാബുവിന്റെ മരണം സി.ബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബത്തിന്റെ തീരുമാനമാണ്. പാർട്ടിക്ക് ഒന്നും പറയാനില്ല.കുടുംബത്തിന് നീതി കിട്ടണമെന്നാണ് പാർട്ടി നിലപാട്.

-കെ.പി ഉദയഭാനു,

സി.പി.എം പത്തനംതിട്ട

ജില്ലാ സെക്രട്ടറി

കൊലപാതകമെന്ന് സംശയമുണ്ട്. അതാണെങ്കിലും അല്ലെങ്കിലും തെളിയിക്കപ്പെടണം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല

-അഡ്വ.പ്രവീൺ ബാബു,

നവീനിന്റെ സഹോദരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVEENBABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA