
പഠന റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം
സർവേയ്ക്കും അനുമതിയാവും
തിരുവനന്തപുരം:ജനരോഷത്തെ തുടർന്ന് ഉപേക്ഷിച്ച സിൽവർലൈനിന് പകരം മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത കാസർകോട് വരെയാക്കാൻ സർക്കാർ. കാസർകോട് വരെയുള്ള സർവേ പൂർത്തീകരിച്ചായിരിക്കും പദ്ധതിറിപ്പോർട്ട് കേന്ദ്രാനുമതിക്ക് അയയ്ക്കുക. കർണാടകവുമായി സഹകരിച്ച് മംഗളുരുവിലേക്ക് നീട്ടാനുമാവും. ഭാവിയിൽ വിഴിഞ്ഞം, മംഗളൂരു തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായി മാറും.
പദ്ധതി പഠിക്കാൻ ഗതാഗതസെക്രട്ടറി കെ.ബിജു അദ്ധ്യക്ഷനായും റെയിൽവേ വിദഗ്ദ്ധൻ ജെ.വിനയൻ, ധനകാര്യ വിദഗ്ദ്ധൻ ഡോ.സി.വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരുടെ സമിതിയെ സർക്കാർ നിയോഗിച്ചു. സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നയാളാണ് ശ്രീധർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ ഉമേഷിനെ ഏകോപനത്തിന് നിയോഗിച്ചു.
സാമ്പത്തിക-സാമൂഹ്യ-സാങ്കേതിക-പരിസ്ഥിതി വശങ്ങൾ സമിതി പരിശോധിക്കും. മാറ്റങ്ങളും നിർദ്ദേശിക്കാം. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പിന്നാലെ പരിസ്ഥിതി ആഘാതപഠനവും നടത്തും.
റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം ശ്രീധരൻ തയ്യാറാക്കിയതാണ് പദ്ധതിരേഖ. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ സർവേ നടത്താനായിട്ടില്ല.
തിരുവനന്തപുരം നഗരത്തിലെ ആറരകിലോമീറ്റർ തുരങ്കപ്പാതയൊഴിച്ച് ബാക്കിഭാഗം തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയാണ്. ഭൂമിയേറ്റെടുക്കൽ പരിമിതമായതിനാൽ ജനരോഷമുണ്ടാവില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
കേന്ദ്രനയം അനുകൂലം
# 15വർഷത്തിനകം 25000കിലോമീറ്റർ വേഗപ്പാത നിർമ്മിക്കുകയെന്നാണ് കേന്ദ്രനയം.
15 അതിവേഗ, സെമിഹൈസ്പീഡ് പദ്ധതികളുടെ ഡി.പി.ആർ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഈ സാഹചര്യമുപയോഗിച്ച് ശ്രീധരനെ മുൻനിറുത്തി കേന്ദ്രാനുമതി നേടാനാണ് ശ്രമം.
#ഡൽഹി-മീററ്റ് പാതയിൽ പകുതിദൂരം 180കിലോമീറ്റർ വേഗത്തിൽ ട്രെയിനോടുന്നു. 350കി.മി വേഗതയുള്ള മുംബയ്-അഹമ്മദാബാദ് അതിവേഗലൈൻ ഉടൻ പൂർത്തിയാവും. ഡൽഹി-ആൾവാർ (രാജസ്ഥാൻ) 180കി.മി വേഗപ്പാതയ്ക്ക് അടുത്തിടെ അനുമതിനൽകി.
വേണ്ടത് 5 അനുമതികൾ
1. പദ്ധതിരേഖ മന്ത്രിസഭായോഗം അംഗീകരിച്ച് കേന്ദ്രത്തിനയയ്ക്കണം.
2. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി.
3)തുടർന്ന് നിതി ആയോഗ്, ധനകാര്യ മന്ത്രാലയം എന്നിവയുടെ അനുമതി
4)കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്ക്
5)കേന്ദ്രമന്ത്രിസഭായോഗത്തിൽ അന്തിമാനുമതി.
₹60,000കോടി:
നിർമ്മാണചെലവ്
₹29,400കോടി:
സംസ്ഥാനവിഹിതം
54400യാത്രക്കാർ:
പ്രതിദിനമുണ്ടാവും
''പ്രതിദിനം 660ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാം. പ്രതിവർഷം 3500കോടിയുടെ ഇന്ധനം ലാഭിക്കാം. ഒരു വേഗപ്പാത 9ലൈൻ ഹൈവേയ്ക്ക് തുല്യമാണ്''
-ഇ.ശ്രീധരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |