കൊച്ചി: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. തന്ത്രി കണ്ഠരര് രാജീവര് നൽകിയ അപേക്ഷയിലാണ് മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാൻ ബോർഡ് തീരുമാനിച്ചത്. ചിങ്ങം ഒന്നു മുതൽ കർക്കടകം 31 വരെയാണ് നിയമനം.
ഭക്തരുടെ വിശ്വാസവും ക്ഷേത്രത്തിന്റെ പവിത്രതയും കണക്കിലെടുത്ത് പുതിയ തന്ത്രി ചുമതലകൾ ജാഗ്രതയോടെ നിർവഹിക്കുമെന്ന് പ്രത്യാശിക്കുന്നതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പറഞ്ഞു. ആചാര സംരക്ഷണവും ഭക്തരുടെ ആത്മീയ താത്പര്യങ്ങളും മുൻനിറുത്തിയാകണം തീരുമാനങ്ങൾ. ദേവസ്വം മാന്വൽ പ്രകാരം തന്ത്രിസ്ഥാനം പാരമ്പര്യമായി സിദ്ധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ആചാരങ്ങൾ ശാസ്ത്രപ്രകാരം നടപ്പാക്കാൻ തന്ത്രിക്ക് ബാദ്ധ്യതയുണ്ട്. ക്ഷേത്രത്തിലെ ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ തന്ത്രിമാർക്കും ശാന്തിക്കാർക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മിപ്പിച്ചു. തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കുകയും ചെയ്തു.
മലയാളവർഷം 1202-ലെ തന്ത്രിസ്ഥാനം തന്റെ ഊഴമാണെന്നും, മകൻ ബ്രഹ്മദത്തന് തന്ത്രശാസ്ത്രത്തിലും പൂജാകർമ്മങ്ങളിലും മതിയായ പ്രാവീണ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി രാജീവര് ദേവസ്വം കമ്മിഷണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബോർഡ് രൂപീകരിച്ച മൂന്ന് പ്രമുഖ തന്ത്രിമാരടങ്ങുന്ന സമിതി ബ്രഹ്മദത്തന്റെ യോഗ്യത പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. സ്വർണക്കൊള്ളക്കേസിൽ പ്രതിയായതിനെ തുടർന്നാണ് കണ്ഠരര് രാജീവര് ചുമതലയൊഴിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |