
തിരുവനന്തപുരം: തളിപ്പറമ്പിൽ നിന്നുള്ള നിയമസഭാംഗമായി സഗൗരവം സത്യപ്രതിജ്ഞ ചെയ്‌ത് ടി കെ ഗോവിന്ദൻ. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് അദ്ദേഹം കൈ കൊടുക്കുകയും ചെയ്‌തു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
സിപിഎം കണ്ണൂർ സെക്രട്ടേറിയറ്റ് മുൻ അംഗമായ ടി കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞ ആകാംഷയോടെയാണ് ഏവരും ഉറ്റുനോക്കിയത്. സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരമെത്തിയപ്പോൾ ഗോവിന്ദൻ നടുത്തളത്തിലെത്തി. യുഡിഎഫ് അംഗങ്ങൾ കൈയടിച്ച് വരവേറ്റു. എന്നാൽ, ഗോവിന്ദൻ പോയത് പിണറായി വിജയൻ ഇരിക്കുന്ന ഭാഗത്തേക്കാണ്. പിണറായിക്ക് കൈ കൊടുത്ത ശേഷമാണ് ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്‌തത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി കെ ശ്യാമളയെ തോൽപ്പിച്ചാണ് ടി കെ ഗോവിന്ദൻ നിയമസഭയിലെത്തിയത്. പി കെ ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിപ്പിച്ചതിനെച്ചൊല്ലി പാർട്ടിയിൽ എതിർപ്പുകളുണ്ടായിരുന്നു. 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തളിപ്പറമ്പ് മണ്ഡലത്തിൽ ടി കെ ഗോവിന്ദൻ വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |