
മൂവാറ്റുപുഴ: യാത്രകൾ പലർക്കും പുതിയ കാഴ്ചകളുടെയും അനുഭവങ്ങളുടെയും തേടലാണ്. ചിലർ ക്യാമറയിൽ ഓർമ്മകൾ പകർത്തുമ്പോൾ, ചിലർ മനസിൽ സൂക്ഷിക്കുന്നു. എന്നാൽ മൂവാറ്റുപുഴ മുടവൂർ കല്ലറക്കൽ ബിജിലി പ്രബിൻ ഓരോ യാത്രയെയും ഭൂമിക്കൊരു സമ്മാനമാക്കുകയാണ്. യാത്ര അവസാനിക്കുന്നതിന് മുൻപ് ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക എന്നത് വർഷങ്ങളായി പാലിച്ചുവരുന്ന ജീവിതശൈലിയാണ്. ഒരു തൈയിൽ ആരംഭിച്ച യാത്ര ഇന്ന് 900ലധികം വൃക്ഷങ്ങളായി വളർന്നിരിക്കുന്നു. മാവ്, പേര, പ്ളാവ് തുടങ്ങി ഫലവൃക്ഷങ്ങളും തണൽമരങ്ങളും ഉൾപ്പെടെ നിരവധി തദ്ദേശീയ ഇനങ്ങൾ ഇന്ന് വഴിയോരങ്ങളിലും പുഴയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തണലും ജീവനും പകരുന്നു. തൈകൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവയുടെ വളർച്ചയും സംരക്ഷണവും സ്വന്തം ഉത്തരവാദിത്തമായും ഏറ്റെടുക്കുന്നു.
മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ മുടവൂരിൽ നിന്നാരംഭിച്ച പ്രകൃതി സ്നേഹം ബാല്യകാലം മുതൽ മനസിൽ മുളച്ചതാണ്. ഓരോ പരിസ്ഥിതി ദിനവും ഒരു ഓർമ്മപ്പെടുത്തലാണ്. പ്രകൃതിയെ അടുത്തറിയണമെന്ന ആഗ്രഹം ബിജിലിയെ കേരളത്തിന്റെ വനങ്ങളിലേക്കും മലനിരകളിലേക്കും നയിച്ചു. പരിസ്ഥിതി പ്രവർത്തക എന്നതിലുപരി എഴുത്തുകാരിയെന്ന നിലയിലും ബിജിലി ശ്രദ്ധേയയാണ്. 'ബൊഗൈൻവില്ലകൾ പൂക്കുമ്പോൾ' എന്ന ഓർമ്മക്കുറിപ്പുകളിലൂടെ ബാല്യത്തിന്റെ നന്മകൾ പങ്കുവച്ച അവർ, 'മഴനീർ കണങ്ങൾ' എന്ന കവിതാസമാഹാരത്തിലൂടെ പ്രകൃതിയുടെ സ്പന്ദനങ്ങൾ വാക്കുകളാക്കി. യാത്രാവിവരണങ്ങളും ചെറുകഥകളും എഴുതുന്ന അവർ, പ്രകൃതിയെയും ജീവിതത്തെയും കോർത്തിണക്കുന്ന 'വനപദങ്ങൾ' എന്ന പുസ്തകത്തിന്റെ രചനയിലും സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |