
കൊച്ചി: പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'ഡോൾഫിൻ' ചുഴലിക്കാറ്റ് (ടൈഫൂൺ) കേരളത്തിൽ പെരുമഴ പെയ്യിക്കും. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് മഴ കനക്കാനാണ് സാദ്ധ്യത. ശേഷം ശമനമുണ്ടാകും. കേരളത്തിൽ നിന്ന് 6,800 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
പസഫിക് മേഖലയിലെ അതിശക്തമായ ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റിനെ ആകർഷിക്കുന്നതാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നത്. അറബിക്കടലിൽ നിന്ന് പസഫിക് മേഖലയിലേക്ക് ഈർപ്പമുള്ള മൺസൂൺ കാറ്റ് പ്രവഹിക്കുന്നത് നിലവിൽ കേരളത്തിന് മുകളിലൂടെയാണ്. മദ്ധ്യ, തെക്കൻ ജില്ലകളിലായിരിക്കും വ്യാപക മഴയ്ക്ക് സാദ്ധ്യത. പസഫിക്കിലെ കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ കരതൊട്ട് ദുർബലമാകുന്നതോടെ കേരളത്തിലെ സ്വാധീനം കുറയും. മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശ, മലയോര മേഖലകളിൽ ജാഗ്രത കൈവിടരുതെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശം.
5 ദിവസം അധികമഴ
ആഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ പെയ്തത് 149 ശതമാനം അധികമഴയാണ്. സാധാരണ ഈ കാലയളവിൽ 90.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 226 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് പുഴകൾ കരകവിയാനും വെള്ളക്കെട്ടിനും കാരണമായി. ലഭിച്ച മഴയുടെ അളവിൽ കോഴിക്കോട് ജില്ലയാണ് ഒന്നാമത്. 314.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത് (ശരാശരിയേക്കാൾ 223 ശതമാനം കൂടുതൽ). 304.2 മില്ലിമീറ്റർ മഴയുമായി കണ്ണൂർ തൊട്ടുപിന്നിലുണ്ട് (150 ശതമാനം കൂടുതൽ). ശരാശരി മഴയെ അപേക്ഷിച്ച് കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. സാധാരണ 60.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട പത്തനംതിട്ടയിൽ 300.7 മില്ലിമീറ്റർ മഴ ലഭിച്ചു; 400 ശതമാനത്തിന്റെ വർദ്ധനവ്.
കുറഞ്ഞ അധികമഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 135.1 മില്ലിമീറ്റർ പ്രതീക്ഷിച്ച വയനാട്ടിൽ 181.3 മില്ലിമീറ്റർ മഴലഭിച്ചു (34ശതമാനം കൂടുതൽ).
മറ്റ് ജില്ലകളിലെ കണക്കുകൾ
തിരുവനന്തപുരം: 132.7മി.മീ
കാസർകോട്: 256.3 മി.മീ
ഇടുക്കി: 252.3 മി.മീ
കോട്ടയം: 248.7 മി.മീ
മലപ്പുറം: 240.6 മി.മീ
എറണാകുളം: 219.6 മി.മീ
തൃശൂർ: 207.2 മി.മീ
പാലക്കാട്: 178.8 മി.മീ
ആലപ്പുഴ: 157.3 മി.മീ
കൊല്ലം: 134.9 മി.മീ
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'ഡോൾഫിൻ' ടൈഫൂൺ കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴ വർദ്ധിക്കാൻ കാരണമായേക്കും
രാജീവൻ എരിക്കുളം
കാലാവസ്ഥ വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |