SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കഞ്ഞിയിൽ കല്ലിടല്ലേ, സ്കൂൾ ഉച്ചഭക്ഷണ വിതരണം അദ്ധ്യാപകരുടെ കീശ കാലിയാക്കുന്നു

f

കോലഞ്ചേരി: അവശ്യസാധനങ്ങൾക്കും പാചകവാതകത്തിനും വില കുതിച്ചുയർന്നതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണം നടത്താൻ അദ്ധ്യാപകർ സ്വന്തം കീശയിൽനിന്ന് പണം മുടക്കേണ്ട അവസ്ഥ. പച്ചക്കറി, പാൽ, മുട്ട എന്നിവയുടെ വില റെക്കാർഡ് ഉയരത്തിലെത്തിയിട്ടും വിദ്യാർത്ഥിക്ക് അനുവദിച്ച ഉച്ചഭക്ഷണ സബ്സിഡിയിൽ കാര്യമായ വർദ്ധനയില്ല. പാചകവാതക വില ഉയരുന്നതിനൊപ്പം വിറക് വിലയും കുതിക്കുകയാണ്. അരി സൗജന്യമായി സർക്കാർ നൽകുന്നുണ്ടെങ്കിലും മറ്റ് ഭക്ഷ്യവസ്തുക്കൾ സ്കൂൾതലത്തിൽ പണം കണ്ടെത്തി വാങ്ങിയ ശേഷമാണ് സബ്സിഡി ലഭിക്കുന്നത്. ഇതോടെ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ പ്രധാനദ്ധ്യാപകരും പി.ടി.എയും വൻ സാമ്പത്തിക ബാദ്ധ്യത നേരിടുകയാണ്.

ഒരു വിദ്യാർത്ഥിക്ക് ഒരുദിവസത്തെ ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്ന തുകയിൽനിന്നാണ് അരിയൊഴികെയുള്ള പച്ചക്കറി, കറിക്കാവശ്യമായ വിഭവങ്ങൾ, എണ്ണ തുടങ്ങിയവ വാങ്ങേണ്ടത്. പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നിട്ടും ഒരു കിട്ടിക്കനുവദിക്കുന്ന തുകയിൽ മാറ്റമില്ല.

മുട്ടയ്ക്ക് സർക്കാർ നൽകുന്നത് 6 രൂപ

ഉച്ചഭക്ഷണത്തോടൊപ്പം നൽകേണ്ട പാലിനും മുട്ടയ്ക്കുമുള്ള സർക്കാർ വിഹിതവും വിപണി വിലയ്ക്ക് ആനുപാതികമല്ല. പാലിന് ലിറ്ററിന് 52 രൂപയാണ് സബ്സിഡി. വിപണിവില 60 രൂപ പിന്നിട്ടു. മുട്ടയ്ക്ക് സർക്കാർ നൽകുന്നത് 6 രൂപയാണ് വിപണിവിലയാകട്ടെ 9രൂപ. വിലയിലെ ഈ അന്തരം നികത്തേണ്ടിവരുന്നത് സ്കൂൾ അധികൃതരുടെ ചുമലിലാണ്.

കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകൾക്ക് മൊത്തവിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയ ആശ്വാസമുണ്ടാകുമെങ്കിലും 100ൽ താഴെ വിദ്യാർത്ഥികളുള്ള എൽ.പി, യു.പി സ്കൂളുകളിലാണ് പ്രതിസന്ധി രൂക്ഷം. വിലക്കയറ്റം മൂലം ഉച്ചഭക്ഷണവിതരണം മുടങ്ങാതിരിക്കാൻ പ്രധാനാദ്ധ്യാപകർ സ്വന്തം പണം ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് അദ്ധ്യാപകർ പറയുന്നു.

ഭക്ഷണവിഹിതം പുനഃപരിശോധിക്കണം

2012നുശേഷം എയ്ഡഡ് സ്കൂളുകളിൽ ആരംഭിച്ച പ്രീ പ്രൈമറി ക്ലാസുകൾക്കും ഉച്ചഭക്ഷണത്തിനും പോഷകാഹാരത്തിനുമുള്ള സബ്സിഡി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വിദ്യാഭ്യാസ വകുപ്പ് യോഗങ്ങളിൽ നിരന്തരം ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. സർക്കാർ അടിയന്തരമായി ഇടപെട്ട് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണവിഹിതം പുനഃപരിശോധിക്കുകയും വർദ്ധിപ്പിക്കുകയും വേണമെന്നാണ് ആവശ്യം.

ഒരു കുട്ടിക്ക് അനുവദിക്കുന്നത്

എൽ.പി വിഭാഗം : 6.78 രൂപ

യു.പി വിഭാഗം: 10.17 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL