
കൊച്ചി: പുറങ്കടലിൽ സ്‌ഫോടനത്തെത്തുടർന്ന് തീപിടിച്ച 'വാൻഹായ് 503' കണ്ടെയ്‌നർ കപ്പൽ പൂർണമായും പൊളിച്ചുനീക്കി. 'ഡ്രൈഡോക്ക് വേൾഡ് ദുബായ്', 'എ.പി.ടി ഗ്ലോബൽ' എന്നീ കമ്പനികൾ ചേർന്ന് ഏഴ് മാസം നീണ്ട സങ്കീർണമായ ദൗത്യത്തിനൊടുവിൽ കഴിഞ്ഞമാസം അവസാനത്തോടെയാണ് കപ്പൽ പൊളിച്ചുനീക്കിയത്. 2025 ജൂൺ 9ന് കൊളംബോയിൽ നിന്ന് മുംബയിലെ നവാഷേവ പോർട്ടിലേക്ക് വരികയായിരുന്ന കപ്പലിൽ കേരള തീരത്തുനിന്ന് 130 നോട്ടിക്കൽ മൈൽ അകലെവച്ചാണ് തീപിടിച്ചത്. 4,250 ടി.ഇ.യു ശേഷിയുള്ള കപ്പലിന്റെ മുൻഭാഗത്തുണ്ടായ സ്‌ഫോടനമായിരുന്നു കാരണം. ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിസ്ഥിതി സുരക്ഷാ ഭീഷണികൾ മുൻനിറുത്തി ഇന്ത്യയും ശ്രീലങ്കയും കപ്പൽതീരത്ത് അടുപ്പിക്കാൻ അനുമതി നൽകിയില്ല. കെട്ടിവലിച്ചാണ് സെപ്തംബറിൽ യു.എ.ഇയിലെ ജെബൽ അലി പോർട്ടിൽ ബെർത്ത് ചെയ്തത്. കപ്പലിൽ കെട്ടിക്കിടന്ന 11,675 ടൺ വെള്ളവും അപകടാവശിഷ്ടങ്ങളും നീക്കംചെയ്ത ശേഷമാണ് പൊളിക്കാനായി മാറ്റിയത്. 1,696 കണ്ടെയ്‌നറുകളിൽ ഭൂരിഭാഗവും തീപിടിത്തത്തിൽ നശിച്ചു. അപകടകാരണം കണ്ടെത്താൻ ചരക്കുവിവരങ്ങൾ വിശകലനം ചെയ്ത് അന്വേഷണം തുടരുകയാണ്.
ജീവൻ നഷ്ടമായത് 4 നാവികർക്ക്
ഇന്ത്യൻനേവിയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 18 ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നാല് നാവികർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തകരാറിലാകുന്ന കപ്പലുകൾക്ക് സുരക്ഷിതമായി അഭയം നൽകാൻ 'പോർട്ട് ഒഫ് റഫ്യൂജ്' സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വാൻ ഹായ് 503
തായ്‌വാനിലെ സി.എസ്.ബി.സി ഷിപ്പ്‌യാർഡിൽ 2005ൽ നിർമ്മാണം പൂർത്തിയാക്കി
സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിന് 269 മീറ്റർ നീളവും 32 മീറ്റർ വീതിയും. ശേഷി 51,300 ടൺ
തായ്‌വാനീസ് ഷിപ്പിംഗ് കമ്പനിയായ വാൻഹായ് ലൈൻസിന്റെ കീഴിലായിരുന്നു സർവീസ്
തീപിടിക്കാൻ സാദ്ധ്യതയുള്ള രാസവസ്തുക്കളും അപകടകരമായ വസ്തുക്കളും അടങ്ങിയ 157 കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |