
വേഷം മാറി സഞ്ചാരം
കൊച്ചി: ഒരാഴ്ച മുമ്പ് വൈറ്റില ഹെർ ഡേ തുണിക്കടയിലെത്തി സെയിൽസ് ഗേളിനെ കബളിപ്പിച്ച് 6000 രൂപയുമായി കടന്ന പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടിൽ രാജേഷ് ജോർജ് (59) വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 കേസുകളിലെ പ്രതി. വൈറ്റിലയിലെ തട്ടിപ്പുകേസിൽ കൊച്ചി സിറ്റി ക്രൈം സ്ക്വാഡ് മല്ലപ്പള്ളിയിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെപ്പറ്റി കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. കൗണ്ടറിൽ കളക്ഷൻ ഇനത്തിലുള്ള പണവും രേഖകളും തന്നുവിടാൻ കടയുടമ പറഞ്ഞേൽപ്പിച്ചതായി സെയിൽസ് ഗേളിനെ തെറ്റിദ്ധരിപ്പിച്ചാണ് പണവുമായി കടന്നത്. ഇയാൾ പൊയ്ക്കഴിഞ്ഞ് കടയുടമയെ സെയിൽസ് ഗേൾ ഫോണിൽ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞതും കടവന്ത്ര പൊലീസിൽ പരാതിപ്പെട്ടതും.
2018ൽ ചേരാനല്ലൂരിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. അന്ന് കടയിലെത്തിയത് സിനിമാനിർമ്മാതാവെന്ന വ്യാജേന. കടയിലെ സെയിൽസ് ഗേളിനെ കബളിപ്പിച്ച് പണം വാങ്ങിയതിന് പുറമെ, കടയുടെ പുറത്തേക്ക് വിളിച്ചിറക്കി സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവും നൽകി. നിരവധി കേസുകളിൽപ്പെട്ടതോടെ വേഷം മാറിയാണ് ഇയാളുടെ യാത്ര. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിക്കും. താടിയും വളർത്തും.
ആലുവയിൽ പണം തട്ടിപ്പറിച്ചെടുത്തു
വനിതാ ജീവനക്കാരികൾ തനിച്ചുള്ള കടകൾ തെരഞ്ഞ് പിടിച്ച് ഉടമ പറഞ്ഞയച്ചെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്. ഇതിന് സാദ്ധ്യത ഇല്ലാത്തിടത്ത് പണം തട്ടിപ്പറിച്ചെടുത്ത് കടന്ന സംഭവങ്ങളുണ്ട്. 2023 ഒക്റ്റോബറിൽ ആലുവ സബ് ജയിലിന് സമീപം ആസ്റ്റർഫാമ മെഡിക്കൽ ഷോപ്പിൽ അതിക്രമിച്ച് കടന്ന് 10,000 രൂപയാണ് ജീവനക്കാരിയിൽ നിന്ന് തട്ടിയെടുത്തത്.
കൊല്ലവും എറണാകുളവും വിഹാരകേന്ദ്രങ്ങൾ
കൊല്ലം, ആലപ്പുഴ, എറണാകുളം. തൃശൂർ ജില്ലകളിലാണ് ഇയാൾക്കെതിരെ 13 കേസുകളുള്ളത്. കൊവിഡിന് ശേഷം എറണാകുളത്തും കൊല്ലത്തുമാണ് കൂടുതൽ തട്ടിപ്പുകൾ നടത്തിയത്. എറണാകുളം സിറ്റി, റൂറൽ പൊലീസ് പരിധികളിലെ കുന്നത്തുനാട്, ആലുവ, എറണാകുളം ടൗൺ, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ സമാനസ്വഭാവമുള്ള കേസുകളിലും പ്രതിയാണ്. കടവന്ത്രയിലെ തട്ടിപ്പിന് മുമ്പ് 2025 മേയിൽ കൊല്ലം റൂറൽ പൊലീസ് പരിധിയിലെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഫാൻസി കടയിൽ നിന്ന് 6,500 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |