SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

കാറുകളുടെ ചില്ല് തക‌ർത്ത് മോഷണം: പ്രതി അറസ്റ്റിൽ

sarath

ചില്ല് പൊട്ടിക്കാൻ സ്പാർക്ക് പ്ളഗ്

കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ സ്പാർക്ക് പ്ലഗ് ശക്തിയോടെ എറിഞ്ഞ് കാറുകളുടെ ചില്ല് തകർത്ത് കവ‌ർച്ച നടത്തുന്ന മോഷ്ടാവ് അറസ്റ്റിലായി. തിരുവനന്തപുരം വിളപ്പിൽശാല പുളിയറക്കോണം പരുത്തിപ്പാറ ശ്രീശൈലത്തിൽ ശരത്താണ് (40) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

ഈ മാസം 5ന് രാവിലെ എറണാകുളം എം.ജി റോഡിൽ ഷേണായീസ് തിയേറ്ററിന് എതിർവശം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുതകർത്ത് 5000 രൂപയടങ്ങിയ പേഴ്സും എ.ടി.എം കാർഡുകളും കവ‌ർന്ന കേസിൽ പ്രതിയാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ തൃശൂർ സ്വദേശി ഷൈനിന്റെ കാറിന്റെ മുന്നിലെ ഡോറിന്റെ ചില്ലാണ് ഒരാൾക്ക് അകത്തേക്ക് കൈയിടാൻ വലിപ്പത്തിൽ തകർത്തത്. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സെൻട്രൽ പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു.

തുടർന്ന്, എറണാകുളത്ത് നിന്ന് ഗുരുവായൂരിലെത്തിയ ശരത്തിനെ നിറുത്തിയിട്ട ഓട്ടോയുടെ ഡാഷ് ബോർഡിൽ നിന്ന് പണം കവരാനുള്ള ശ്രമത്തിനിടെ ഗുരുവായൂർ പൊലീസ് പിടികൂടി. ആളെ തിരിച്ചറിഞ്ഞ് സെൻട്രൽ പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് കൊല്ലം മുമ്പ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരിധിയിലും കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിലും നടന്ന മോഷണക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി.

പ്ലഗ് കവരുന്നത് വർക്ക്ഷോപ്പുകളിൽ നിന്ന്

കാറുകളുടെ ചില്ല് തകർക്കാൻ ഉപയോഗിക്കുന്ന സ്പാർക്ക് പ്ലഗുകൾ പ്രതി തരപ്പെടുത്തുന്നത് വർക്ക്ഷോപ്പുകളിൽ നിന്നാണ്. നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ സമീപമെത്തി ശക്തമായി എറിഞ്ഞ് ചില്ല് തകർക്കും. യു ട്യൂബ് നോക്കിയാണ് ‘പ്ലഗ് മോഡൽ’ കവർച്ച അഭ്യസിച്ചതെന്ന് പ്രതി മൊഴി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL