കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കുന്ന സംഭവങ്ങൾ ശങ്കരാചാര്യർ പിറന്ന മണ്ണിന് അപമാനമാകുന്നു. വിദ്യാർത്ഥി, അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ രാഷ്ട്രീയ അതിപ്രസരം മൂലം അക്കാഡമിക പ്രവർത്തനങ്ങൾ ഇവിടെ ഇല്ലാതാവുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി പുറമേയും. ഇതിനിടെയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വനിതാ വി.സിയെ ആക്രമിക്കലും അവരുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയ സമരാഭാസവും.
മലിനമായ കുടിവെള്ളം, ക്യാമ്പസിലെ കൊതുക് ശല്യം, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, 2019 ന് ശേഷം ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തത്, ഫെലോഷിപ്പ് തുക മുടക്കം, അദ്ധ്യാപകരുടെ അഭാവം തുടങ്ങി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പരാതികൾ ഏറെയാണ്. വർഷങ്ങളായി പുകയുന്ന പ്രശ്നങ്ങൾ ഉയർത്തി ഇപ്പോൾ ക്യാമ്പസിനെ സമരമുഖമാക്കിയതിന് പിന്നിൽ ഗവർണർ നിയോഗിച്ച താത്കാലിക വി.സി. ഡോ. സിസ തോമസിന്റെ വരവാണ്. ബുധനാഴ്ച സിൻഡിക്കേറ്റ് യോഗത്തിനെത്തിയ വൈസ് ചാൻസലറെ തടയുകയും സർവകലാശാലാ ഗേറ്റിന് സമീപം വി.സിയുടെ പ്രതികാത്മക സംസ്കാരച്ചടങ്ങും നടന്നതോടെ സമരം കുപ്രസിദ്ധമായി.
ഫണ്ടില്ല, വിദ്യാർത്ഥികളും
ഫണ്ടിന്റെ അഭാവവും വിദ്യാർത്ഥികളുടെ എണ്ണത്തിലെ ഇടിവും മൂലം സർവകലാശാല ഗുരുതര പ്രതിസന്ധിയിലാണ്. പല വകുപ്പുകളിലും വിദ്യാർത്ഥികളുടെ എണ്ണം തീരെക്കുറവാണ്. ചില കോഴ്സുകളിൽ അപേക്ഷകരുമില്ല. വലിയ ശമ്പളച്ചെലവും പ്രവർത്തനച്ചെലവുകളും കൂടുകയും ചെയ്യുന്നു. ഗ്രാന്റുകളും സർക്കാർ ഫണ്ടും ലഭിക്കുന്നതിലെ കാലതാമസവുമുണ്ട്.
എം.എസ്.ഡബ്ല്യു. പോലുള്ള കോഴ്സുകൾക്ക് രണ്ട് വർഷത്തേക്കുള്ള ആകെ ഫീസ് 13,000 രൂപ മാത്രമാണ്. ഹോസ്റ്റൽ ഫീസാകട്ടെ മാസം 75 രൂപയും.150 രൂപയാക്കിയതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ 125 ആക്കി. ഹോസ്റ്റൽ ഫീസ് അടയ്ക്കുന്നവരും കുറവാണ്. പഠനം കഴിഞ്ഞവരും വിദ്യാർത്ഥികൾ അല്ലാത്തവരും ഹോസ്റ്റലിൽ കുടികിടപ്പുകാരായുണ്ട്.
26 ദിനം പിന്നിട്ട് എസ്.എഫ്.ഐ സമരം
പതിനെട്ട് ആവശ്യങ്ങൾ ഉന്നയിച്ച് 26 ദിവസം പിന്നിട്ട സമരം തുടരാനാണ് എസ്.എഫ്.ഐ തീരുമാനം. ഗസ്റ്റ് അദ്ധ്യാപക നിയമനം പൂർത്തിയാക്കുക, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വി.സിയുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം.
പ്രശ്നങ്ങൾക്ക് ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ തന്നെ പരിഹാരം കണ്ടു തുടങ്ങിയതാണ്. ആദ്യഘട്ടമായി മുടങ്ങിയ സർട്ടിഫിക്കറ്റ് വിതരണത്തിന് നടപടി സ്വീകരിച്ച് വരുന്നതിനിടെയാണ് സമരം അതിരുവിട്ടത്
ഡോ. കെ.പി. സുനി,
സിൻഡിക്കേറ്റ് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |