
തൃപ്പൂണിത്തുറ: മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും ഉജ്ജ്വല സന്ദേശം വിളിച്ചോതി തൃപ്പൂണിത്തുറയിൽ പ്രൗഢഗംഭീരമായ അത്തച്ചമയ ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. രാജനഗരിയുടെ സാംസ്‌കാരിക പാരമ്പര്യവും പ്രൗഢിയും വിളിച്ചോതിയ സാംസ്‌കാരിക സംഗമം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തച്ചമയം ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാനതല ഓണാഘോഷങ്ങളുടെ ഔപചാരികമായ തുടക്കം കൂടിയായിരുന്നു ഈ ചടങ്ങ്.
തൃപ്പൂണിത്തുറയുടെ രാജകീയ പ്രൗഢിയും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാൻ നഗരത്തെ ഒരു 'പൈതൃക നഗരമായി' ഉയർത്താൻ സർക്കാർ തയ്യാറാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി കൈകോർത്ത് സമഗ്രമായ പദ്ധതി സമർപ്പിച്ചാൽ ഇത് നടപ്പിലാക്കുമെന്നും വിദേശ രാജ്യങ്ങളിലെ മാതൃകയിൽ തൃപ്പൂണിത്തുറയിലെ അമ്പതിലേറെ വരുന്ന ചരിത്രസ്മാരകങ്ങളും കൊട്ടാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
തുടർന്ന്, ചലച്ചിത്രം താരം ജഗദീഷ് അത്തച്ചമയ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ദീപക് ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പിമാരായ ഹൈബി ഈഡൻ, അഡ്വ. ഫ്രാൻസിസ് ജോർജ്, കളക്ടർ ജി. പ്രിയങ്ക, സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. തൃപ്പൂണിത്തുറ നഗരസഭാ ചെയർമാൻ അഡ്വ. പി.എൽ. ബാബു, വൈസ് ചെയർപേഴ്‌സൺ രാധിക വർമ്മ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പിള്ളി, അത്തച്ചമയാഘോഷ ജനറൽ കൺവീനർ ഇ.എസ്. രാകേഷ് പൈ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ 20 കുട്ടികളെ വേദിയിൽ ആദരിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന ഘോഷയാത്രയിൽ തെയ്യം, തിറ, പടയണി തുടങ്ങിയ നാടൻ കലാരൂപങ്ങളും വിവിധ നിശ്ചലദൃശ്യങ്ങളുമായി നാനൂറോളം കലാകാരന്മാർ അണിനിരന്നു.
പിടിവിട്ട് ജനത്തിരക്ക്
അത്തച്ചമയത്തിന്റെ പൈതൃകം ഉയർത്തിപ്പിടിച്ച് ആഘോഷമൊരുക്കിയ നഗരസഭയ്ക്ക്, ജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ പാളി. വീഥികൾ ജനസമുദ്രമായി. പലയിടത്തും കാണികൾ പാതയിലേക്കിറങ്ങിയതോടെ ഘോഷയാത്ര തടസ്സപ്പെടുകയും ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. പ്രചാരണത്തിൽ കാട്ടിയ ജാഗ്രത സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടാകാതിരുന്നത് അത്തച്ചമയത്തിന്റെ തിളക്കം കുറച്ചു.
മുഖ്യമന്ത്രിയെ പുകഴ്ത്തി നടൻ ജഗദീഷ്
അത്തച്ചമയ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രകീർത്തിച്ച് നടൻ ജഗദീഷ്. വസ്തുതകളും കണക്കുകളും പഠിച്ച് അപഗ്രഥിച്ച് മാദ്ധ്യമങ്ങളെ നേരിടുന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ വിനോദവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ജഗദീഷ് പറഞ്ഞു.തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കുന്ന ജനപക്ഷ നിലപാടുകാരനായ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |