
കൊച്ചി: പൊന്നോണം അടുത്തതോടെ പച്ചക്കറിവിലയിൽ കുതിപ്പ്. ഈ പോക്കുപോയാൽ ഓണം ആകുമ്പോഴേക്കും സവാളയുൾപ്പെടെ പലതിന്റെയും വില പിടിച്ചാൽ കിട്ടില്ലെന്ന് എറണാകുളം മാർക്കറ്റിലെ മൊത്തവ്യാപാരികൾ. സവാള കിലോയ്ക്ക് 46രൂപ. ഓരോദിവസവും കൂടുകയാണ്. പല വിലയ്ക്കാണ് ചില്ലറവില്പന. മഹാരാഷ്ട്രയിൽ നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. തനിനാടൻ പച്ചക്കറികളിൽ മലയാളിക്ക് സ്വന്തമായി ചേനയും ചീരയും മാത്രം. ബാക്കിയെല്ലാം മറുനാടൻ. എന്നാൽ ഇതൊന്നും കച്ചവടത്തെ ബാധിച്ചിട്ടില്ല. മലയാളികൾക്ക് ആഘോഷം വിട്ടൊരു കളിയില്ല!
തമിഴ്‌നാട്ടിലെ ഒട്ടച്ചത്രം, മേട്ടുപ്പാളയം, ഊട്ടി, പൊള്ളാച്ചി, കോയമ്പത്തൂർ, സത്യമംഗലം, കമ്പം, തേനി, കർണാടകയിലെ മൈസൂർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറിയെത്തുന്നത്. വരവ് മുടങ്ങിയാൽ മലയാളിയുടെ സാമ്പാറിലടക്കം കഷണങ്ങൾ കുറയും. കേരളത്തിലെ ഉൾപ്രദേശങ്ങളിൽ പച്ചക്കറി കൃഷിയുണ്ടെങ്കിലും നാട്ടുചന്തകളിൽ തന്നെ വിറ്റുപോകുന്നു. ആലുവ മേഖലയിൽ നിന്ന് ചീര ധാരാളമായി എത്തുന്നു. കിലോയ്ക്ക് 30-35 രൂപയാണ് മൊത്തവില. ചെറുകെട്ടുകളാക്കിയാണ് ചില്ലറ വില്പന. വാഴയില ഒന്നിന് ഏഴുരൂപയാണ്.
പച്ചക്കറി വില (ഹോൾസെയിൽ)
പയർ 40 രൂപ
ബീൻസ് 70-80
ചെറിയ ഉള്ളി 77-81
പച്ചമുളക് 50-55
തക്കാളി 27
കാബേജ് 30
വഴുതനങ്ങ- 45
കത്തിരിക്ക-40-45
പടവലങ്ങ 40
മുരിങ്ങക്കായ 35-37
കാരറ്റ് 80
ബീറ്റ്‌റൂട്ട് 70
വെള്ളരി 20
കുമ്പളങ്ങ 20
മത്തങ്ങ 18
(പച്ചക്കറിയുടെ നിലവാരമനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടാകും)
കിറ്റിലുണ്ട് എല്ലാം
വഴിയോരക്കിറ്റ് വില്പന സജീവമാണ്. അല്പം വാടിയാലും വലിയ കുഴപ്പമില്ലെന്ന് വാങ്ങുന്നവർ പറയുന്നു. ഒരു കിറ്റിൽ ഏറെക്കുറെ എല്ലായിനങ്ങളുമുണ്ട്.
കടനിറയെ
തൊടുകറികൾ
ഓണം സ്റ്റാളുകളിൽ അച്ചാർ, പുളിയിഞ്ചി, കൊണ്ടാട്ടം, ഉപ്പേരി, പപ്പടം എന്നിവയുടെ വില്പനയും പൊടിപൊടിക്കുന്നു. വനിതാക്കൂട്ടായ്മകളുടെ സ്റ്റാളുകളും സജീവമാണ്. സൂപ്പർമാർക്കറ്റുകളിൽ ഓഫർ വില്പനകളും ആരംഭിച്ചു. ഒരു കുപ്പി അച്ചാർ വാങ്ങിയാൽ ഒരെണ്ണം ഫ്രീ. ഉത്തരേന്ത്യൻ അച്ചാറുകൾക്കും ആരാധകരേറെയാണ്. കുട്ടിപ്പപ്പടം, വലിയ പപ്പടം, ഗുരുവായൂർ പപ്പടം, അപ്പളം, മുളക് പപ്പടം എന്നിങ്ങനെ പപ്പടലോകവും അതിവിശാലം.
ഓണത്തിന് എല്ലാവർഷവും പച്ചക്കറി വില കൂടാറുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതലാണ്. ഒന്നിനും ക്ഷാമം ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഷാനവാസ്, ഷെമീർ
മൊത്തവ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |