SignIn
Kerala Kaumudi Online
Friday, 21 August 2026 2.09 AM IST

കൊച്ചി മെട്രോ  ഇനി 'കേരളം മെട്രോ"

kochi-metro

കൊച്ചി: കൊച്ചി മെട്രോ ഇനി മലയാളക്കരയുടെ സ്വന്തം പേരിൽ ഓടും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ എം.ഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം" എന്നായതോടെയാണ് മെട്രോയ്ക്കും പേരുമാറ്റം. നാഗ്പൂർ മെട്രോ 'മഹാരാഷ്ട്ര മെട്രോ" ആയും ലക്‌നൗ മെട്രോ 'ഉത്തർപ്രദേശ് മെട്രോ" ആയും അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ" ആയും പുനർനാമകരണം ചെയ്ത ദേശീയ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ തീരുമാനം. സർക്കാരിന്റെ അനുമതി വൈകില്ലെന്നാണ് പ്രതീക്ഷ. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇത്.
കെ.എം.ആർ.എൽ കമ്പനിയുടെ സ്വത്തുക്കൾ, ബാദ്ധ്യതകൾ, കരാറുകൾ തുടങ്ങിയവയെ പേരുമാറ്റം ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗും മാറ്റങ്ങളും നടപ്പാക്കുകയെന്നും എം.ഡി വ്യക്തമാക്കി.

ലാഭത്തിന്റെ ട്രാക്കിൽ
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പ്രവർത്തന ലാഭത്തിലാണ്. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ ഭാവി പദ്ധതികൾക്ക് അനുയോജ്യമല്ലാത്തതു കൂടി കണക്കിലെടുത്താണ് പേരുമാറ്റം.

മെട്രോ ചരി​തം

 1999: ആശയം, പഠനം

2011: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപീകരി​ച്ചു

 2012: ഡി​.എം.ആർ.സി​ നി​ർമ്മാണം തുടങ്ങി​

2017: ആലുവ - പാലാരിവട്ടം. പി​ന്നീട് മഹാരാജാസ് വരെ പാത തുറന്നു.

2024: മാർച്ചിൽ തൃപ്പൂണിത്തുറ വരെയുള്ള ആദ്യ ഘട്ടം പൂർത്തിയായി​

പ്രത്യേകതകൾ

കുടുംബശ്രീ പ്രവർത്തകരെയും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെയും സ്റ്റേഷൻ നടത്തിപ്പിനായി നിയമിച്ച് മാതൃകയായി​

ബോട്ട് ഗതാഗതത്തെയും മെട്രോയെയും ബന്ധിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ പദ്ധതി വൻവി​ജയം

കൊച്ചി മെട്രോയുടെ പേര്
മാറ്റരുത്: ഹൈബി ഈഡൻ

കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ" എന്നു മാറ്റരുതെന്ന് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടു. പേര് മാറ്റാതെ കമ്പനിയുടെ സേവനം ആവശ്യക്കാർക്ക് നൽകുന്നതാണ് ഉചിതം. ഇപ്പോഴത്തെ പേര് ഭാവിപദ്ധതികൾക്ക് അനുയോജ്യമല്ലെന്ന വിലയിരുത്തൽ തെറ്റാണ്. അവധാനതയോടെ പരിഗണിക്കേണ്ട വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL