
കൊച്ചി: ബൈക്കിലെത്തിയ സംഘം പാലാരിവട്ടത്ത് യുവതിക്ക് നേരെ ആളുമാറി തോക്ക് ചൂണ്ടിയത് സ്വർണ ബിസ്കറ്റ് ഇടപാടുമായി ബന്ധപ്പെട്ട്. കാസർകോഡ് സ്വദേശി ഉമീർ, പാലാരിവട്ടത്തെ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റൊരു യുവതിക്ക് കൈമാറിയ സ്വർണ ബിസ്കറ്റ് മലപ്പുറത്ത് മറിച്ചു വിറ്റതിനെച്ചൊല്ലിയുള്ള തർക്കമാണ് പട്ടാപ്പകൽ തോക്ക് ചൂണ്ടലിൽ കലാശിച്ചത്. കേസിൽ ഉമീർ, സുഹൃത്ത് ബാസിദ്, രാഹുൽ എന്നിവർക്കായി പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് കള്ളക്കടത്ത് സ്വർണവുമായി ബന്ധമെന്നും സൂചന.
തോക്ക് ചേർത്ത് പിടിച്ചത് വയറ്റത്ത്
എറണാകുളത്തെ സ്വകാര്യബാങ്കിലെ ജീവനക്കാരി കോട്ടയം സ്വദേശി മരിയ ജിജിക്ക് (22) നേരെയാണ് പാലാരിവട്ടം സിവിൽലൈൻ റോഡിലെ ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം തോക്ക് ചൂണ്ടിയത്. ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് കറുത്ത ബൈക്കിലെത്തിയ യുവാക്കൾ മരിയയുടെ വയറ്റത്ത് തോക്ക് ചേർത്ത് പിടിച്ച് ഉമീറിൽ നിന്ന് വാങ്ങിയ സ്വർണ ബിസ്കറ്റ് ഉടൻ തിരിച്ചു കൊടുക്കണമെന്നും അല്ലെങ്കിൽ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി.
ഉമീറിനെ ഫോണിൽ വിളിക്കാനും ആവശ്യപ്പെട്ടു. യുവതിയുടെ ഇടതുകൈ പിടിച്ചു തിരിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. തനിക്ക് ഉമീറിനെ അറിയില്ലെന്ന് യുവതി കരഞ്ഞ് പറഞ്ഞതോടെയാണ് പ്രതികൾ ബൈക്ക് ഓടിച്ചു പോയത്. ഉമീറിന്റെ നിർദ്ദേശപ്രകാരം സുഹൃത്ത് ബാസിദും രാഹുലുമാണ് തോക്കുമായി ബൈക്കിലെത്തിയതെന്ന് തിരിച്ചറിഞ്ഞു.
സ്വർണ ബിസ്കറ്റ് വ്യാജം..?
മരിയക്കൊപ്പം താമസിക്കുന്ന മറ്റൊരു യുവതിയെ തേടിയാണ് സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു. കാസർകോഡ് സ്വദേശിയായ ഈ യുവതിയുമായി സൗഹൃദത്തിൽ കഴിയവെയാണ് ഉമീർ സ്വർണബിസ്കറ്റ് സമ്മാനിച്ചത്. തുടർന്ന് ഉമീറിന്റെ സുഹൃത്ത് ബാസിറിനൊപ്പം യുവതി മലപ്പുറത്ത് സ്വർണ് ബിസ്കറ്റ് വിൽക്കാൻ പോയിരുന്നു. വ്യാജ സ്വർണമായതിനാൽ വിൽക്കാൻ സാധിച്ചില്ലെന്നാണ് യുവതിയുടെ ഭാഷ്യം. യുവതിയും ബാസിദും ചേർന്ന് തന്നെ വഞ്ചിച്ചതാണെന്ന ധാരണയിലാണ് തോക്കുമായി ഉമീർ കൊച്ചിയിലേക്ക് ആൾക്കാരെ അയച്ചത്. മരിയ ജിജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഉമീറിന്റെ സ്നേഹിതയായ യുവതിയെ സ്റ്റേഷനിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതികൾ ആരും പിടിയിലായിട്ടില്ല. സി.സി ടിവി ക്യാമറകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |