
കൊച്ചി: ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദ്രുത പ്രതികരണ സംഘം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ജില്ല വികസന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
റേഡിലെ കുഴികൾ അടയ്ക്കുക, തെരുവുവിളക്കുകളും ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡും റിഫ്ലക്ടറുകളും സ്ഥാപിക്കുക, ഗതാഗത നിയന്ത്രണത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയാണ് സംഘത്തിന്റെ ദൗത്യം. ഫോർട്ട് കൊച്ചി ഭാഗത്തെ അനധികൃത കടകൾ, കൈയേറ്റങ്ങൾ മാലിന്യ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫോർട്ട് കൊച്ചി സബ് കളക്ടറെ സ്‌പെഷ്യൽ ഓഫീസറാക്കുമെന്നും കളക്ടർ അറിയിച്ചു.
മൂത്തകുന്നം ജംഗ്ഷനിൽ ദേശീയപാതയിലെ എൻട്രി - എക്‌സിറ്റ് പ്രശ്‌നം പരിഹാരവും കെ.പി. കമലാക്ഷൻ റോഡ് മുതൽ തുരുത്തിപ്പുറം വരെയുള്ള ഭാഗത്തെ യാത്രാദുരിതവും മുഖ്യമന്ത്രിയുടെ പ്രതിനിധിയും അങ്കമാലി കാലടി ഭാഗത്ത് എൻ.എച്ച് 544ലെ അപകടസാദ്ധ്യതകളെക്കുറിച്ച് മന്ത്രി റോജി എം. ജോണിന്റെ പ്രതിനിധിയും യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കൊച്ചി താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്നും തെക്കേ ചെല്ലാനത്ത് 14, 15 വാർഡുകളിൽ വെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നും മുഹമ്മദ് ഷിയാസ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കളമശേരി കണ്ടെയ്‌നർ റോഡിലെ സിഗ്‌നലുകളുടെ വാർഷിക പരിപാലന കരാർ ( എ.എം.സി ) കാലാവധി കഴിഞ്ഞതിനാൽ പകരം സംവിധാനമൊരുക്കണമെന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ പ്രതിനിധിയും ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് കളമശേരി നഗരസഭയെ യോഗം ചുമതലപ്പെടുത്തി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾക്ക് പുറമേ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേസായി കൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ തുടങ്ങിയവരും പങ്കെടുത്തു.
വന്യമൃഗ ശല്യം പരിഹരിക്കണം
മലയാറ്റൂർ, മൂക്കന്നൂർ, അയ്യമ്പുഴ മേഖലയിൽ വനാതിർത്തിയിലുള്ള തോട്ടങ്ങൾ കൃത്യമായ പരിപാലിക്കാതെ കാടുപിടിക്കുന്നത് കാരണം പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇതിന് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി റോജി എം. ജോണിന്റെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |