തൃപ്പൂണിത്തുറ: രാജകീയ ഓർമകളും പാരമ്പര്യവും കൈവിടാത്ത ഭദ്രാലയം പാലസ് സംരക്ഷിക്കപ്പെടും. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ചരിത്രകെട്ടിടം അതിന്റെ തനിമയും പാരമ്പര്യവും നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രണ്ട് കുടുംബങ്ങളാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. ആധുനിക മാറ്റങ്ങൾ വരുത്തുമ്പോഴും പഴയ വാസ്തുശൈലിക്കും ചരിത്രത്തിനും ഒരു തരത്തിലുള്ള മങ്ങലേൽപ്പിക്കാതിരിക്കലാണ് സംരക്ഷണത്തിന്റെ ലക്ഷ്യം.
തൃപ്പൂണിത്തുറയിലെ കൊച്ചിരാജകുടുംബത്തിന്റെ പഴയ വാസസ്ഥലങ്ങളെക്കുറിച്ചുള്ള പൈതൃക രേഖകളിൽ ഭദ്രാലയം പരാമർശിക്കപ്പെടുന്നുണ്ട്. നഗരവത്കരണത്തിനിടയിൽ പല പഴയ രാജകീയ നിർമിതികളും അപ്രത്യക്ഷമാകുമ്പോൾ ശേഷിക്കുന്ന പൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഉടമകൾ ഭദ്രാലയം പൊളിക്കാതെ സംരക്ഷിക്കാൻ തീരുമാനിച്ചത്.
നൂറ്റാണ്ടിന്റെ വാസ്തുവിദ്യ
ഭദ്രാലയത്തിലെ പ്രധാന കെട്ടിടത്തിന് ഏകദേശം 104 വർഷം പഴക്കമുണ്ട്. പ്രധാന കെട്ടിടത്തേക്കാൾ പഴക്കമുള്ളതാണ് ഇവിടുത്തെ ഊട്ടുപുരയും കവാടത്തിനരികിലുള്ള മുറികളും. പിന്നീട് നിർമിച്ച പ്രധാന കെട്ടിടവും പഴയ നിർമിതികളും ചേർന്ന് ഒരു കാലഘട്ടത്തിന്റെ വാസ്തുവിദ്യയും ജീവിതരീതിയും അടയാളപ്പെടുത്തുന്നു. ഒരു കാലത്ത് പാലിയത്ത് കുടുംബവും കുറച്ചുകാലം ഇവിടെ താമസിച്ചിരുന്നതായി കുടുംബചരിത്രം പറയുന്നു. തുടർന്നാണ് ഭദ്രാലയം ‘നേരെപാലിയം’ എന്ന പേരിലും അറിയപ്പെട്ടിരുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വിശ്വാസത്തിന്റെ ഇടം
ചരിത്രത്തിനൊപ്പം വിശ്വാസത്തിന്റെ ഇടം കൂടിയാണ് ഭദ്രാലയം. വളപ്പിനുള്ളിൽ വീരഭദ്രസ്വാമി ക്ഷേത്രമുണ്ട്. മാസത്തിലൊരിക്കൽ ഇവിടെ പൂജകളും നടന്നുവരുന്നു. തലമുറകളായി കൈമാറിയ ഈ ആചാരങ്ങളും ഭദ്രാലയത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. 60 സെന്റ് വിസ്തൃതിയുള്ള വളപ്പിൽ രണ്ട് കുളങ്ങളുമുണ്ട്. പഴയ കെട്ടിടങ്ങളും ഊട്ടുപുരയും ക്ഷേത്രവും ജലാശയങ്ങളും ഉൾപ്പെടുന്ന ഭദ്രാലയം തൃപ്പൂണിത്തുറയുടെ രാജകീയ പൈതൃകത്തിന്റെ ശ്രദ്ധേയമായ അടയാളമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |