
തൃപ്പൂണിത്തുറ: തുമ്പ മുതൽ തൂശനില വരെ... ഓണത്തപ്പൻ മുതൽ പച്ചക്കറി വരെ... മലയാളി ഓണമുണ്ണാനുള്ളതെല്ലാം വാങ്ങിക്കൂട്ടിയപ്പോൾ ഇന്നലെ തൃപ്പൂണിത്തുറ നഗരം ഉത്രാടപ്പാച്ചിലിന്റെ തിരക്കിലായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ തന്നെ ഉണർന്ന വഴിയോര വിപണി രാത്രി വൈകിയും സജീവമായി. ഓണത്തിന്റെ ഗൃഹാതുരത നിറച്ചുകൊണ്ട് വഴിയോരങ്ങളിൽ കച്ചവടക്കാർ നിരന്നപ്പോൾ, ഓണസദ്യയുടെ അവസാനവട്ട ഒരുക്കങ്ങളുമായി നഗരത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളെക്കൊണ്ട് വ്യാപാരകേന്ദ്രങ്ങളും നിറഞ്ഞു.
ഓണത്തപ്പൻ, തുമ്പപ്പൂവ്, അടയ്ക്ക, വെറ്റില, തേങ്ങ, കപ്പളങ്ങ, തൂശനില തുടങ്ങി ഓണാചാരങ്ങൾക്കും സദ്യയ്ക്കും ആവശ്യമായ സാധനങ്ങളെല്ലാം വഴിയോര കച്ചവടക്കാർ നിരത്തി.
ഓണസദ്യ വിളമ്പാനുള്ള തൂശനിലയ്ക്കായിരുന്നു ഇന്നലെ വലിയ ആവശ്യക്കാരുണ്ടായത്. ഒരു തൂശനിലയ്ക്ക് അഞ്ച് രൂപ. തുമ്പപ്പൂവിന്റെ ഒരു കെട്ടിന് 50 രൂപ. ഓണസദ്യയുടെ മണവും രുചിയും പോലെ തന്നെ മലയാളിയുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ഓണാചാരങ്ങളുടെ ഭാഗമായ ഓണത്തപ്പനും വില്പനയിൽ മുന്നിലുണ്ടായിരുന്നു.
തിരുവാങ്കുളം സ്വദേശിയായ കച്ചവടക്കാരി ഇത്തവണ രണ്ടായിരത്തിലേറെ ഓണത്തപ്പന്മാരാണ് സ്വന്തം കൈകൊണ്ട് നിർമ്മിച്ചത്. മൂന്നു മാസം മുമ്പേ നിർമ്മാണം പൂർത്തിയാക്കി പെയിന്റ് ചെയ്ത് ഇടനിലക്കാർക്കും മറ്റു കച്ചവടക്കാർക്കും വിതരണം ചെയ്തു. നേരിട്ടും വില്പന നടത്തി. അഞ്ച് ഓണത്തപ്പന്മാരടങ്ങിയ സെറ്റിന് 200 രൂപയായിരുന്നു വില. പ്രായഭേദമില്ലാതെ ഓണത്തപ്പൻ വാങ്ങാൻ ആളുകളെത്തി.
വിലക്കയറ്റം മറന്നും ചെലവിന്റെ കണക്കുകൾ മാറ്റിവച്ചും മലയാളി ഓണത്തെ വരവേൽക്കുകയാണ്.
സദ്യയ്ക്ക് പുറംകരാർ
വീട്ടിൽ ഓണസദ്യ ഒരുക്കാനുള്ള അവസാനവട്ട സാധനങ്ങൾ വാങ്ങാനും വലിയ തിരക്കായിരുന്നു. പച്ചക്കറി, പഴം, പലവ്യഞ്ജനം, പപ്പടം, ഉപ്പേരി, അച്ചാർ, പായസച്ചേരുവകൾ തുടങ്ങി സദ്യവട്ടത്തിലെ ഓരോ ഇനത്തിനും ആവശ്യക്കാരുണ്ടായി. ഓണക്കോടി, പൂക്കൾ, പഴം-പച്ചക്കറികൾ എന്നിവയുടെ വില്പനയും ഉത്രാടപ്പാച്ചിലിൽ സജീവമായി. ഓണസദ്യ വീട്ടിൽ ഒരുക്കാൻ കഴിയാത്തവർ കാറ്ററിംഗ് സ്ഥാപനങ്ങളെയും ആശ്രയിച്ചു. ഉത്രാട-തിരുവോണ സദ്യയ്ക്കായി നേരത്തേ തന്നെ ബുക്കിംഗ് പൂർത്തിയായിരുന്ന സ്ഥാപനങ്ങളിൽ ഇന്നലെ തിരക്ക് വർദ്ധിച്ചു. 20 മുതൽ 30 വരെ വിഭവങ്ങളടങ്ങിയ സദ്യാ പാക്കേജുകളാണ് പലരും ഒരുക്കിയത്. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, ഓലൻ, എരിശേരി, കാളൻ, തോരൻ, പച്ചടി, കിച്ചടി, പപ്പടം, ഉപ്പേരി, അച്ചാർ, പഴം, പായസം തുടങ്ങി തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യ. ഓണസദ്യയ്ക്ക് ഏകദേശം 250 മുതൽ 600 രൂപ വരെയാണ് നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |