കോലഞ്ചേരി: കേരളത്തിന്റെ കലാസങ്കല്പങ്ങൾക്ക് ബ്രിട്ടന്റെ മണ്ണിൽ പുതിയ നിറവും രൂപവും നൽകുകയാണ് മാവേലിക്കര സ്വദേശിയായ ചിത്രകാരി അമൃത ജലജാ ദേവി. ഓർമ്മകളും മനുഷ്യബന്ധങ്ങളും സ്വന്തം നാടും കുടിയേറ്റാനുഭവങ്ങളും ക്യാൻവാസിലേക്ക് പകർത്തുന്ന അമൃത കുറഞ്ഞ കാലം കൊണ്ട് ബ്രിട്ടനിലെ കലാമേഖലയിൽ ശ്രദ്ധ നേടി.
മാവേലിക്കരയിലെ രാജാ രവിവർമ്മ കോളജ് ഒഫ് ഫൈൻ ആർട്സിൽനിന്ന് ചിത്രകലയിൽ ബിരുദം നേടി ബ്രിട്ടനിലെത്തി ലെസ്റ്ററിലെ ഡെ മോണ്ട്ഫോർട്ട് സർവകലാശാലയിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി. ബ്രിട്ടീഷ് കൗൺസിലിന്റെ സ്റ്റഡി യു.കെ ക്രിയേറ്റീവ് കണക്ഷൻസ് 2026 പ്രദർശനത്തിലേക്ക് 'ഷെയേർഡ് സൈലൻസ് " തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു വഴിത്തിരിവ്. ഉപരിപഠനത്തിനായി അമൃതയ്ക്ക് ഗ്രേറ്റ് സ്കോളർഷിപ്പ് ഓഫറും ലഭിച്ചിരുന്നു.
കേരളത്തിന്റെ സാംസ്കാരിക ഓർമ്മകളാണ് അമൃതയുടെ പ്രധാന പ്രചോദനങ്ങളിലൊന്ന്. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ 'വരവഴികൾ" പൊതു കലാപദ്ധതിയുടെ ഭാഗമായി ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം നടന്ന ചുമർചിത്ര നിർമ്മാണത്തിൽ പങ്കെടുത്തു. ബ്രിട്ടനിലും വലിയ ചുമർചിത്രങ്ങൾ ഒരുക്കാനുള്ള അവസരങ്ങൾ ലഭിച്ചു. ലെസ്റ്ററിലെ 90"സ് മിക്സ് റെസ്റ്റോ ബാറിനായി തയ്യാറാക്കിയ മ്യൂറൽ ഇതിൽ ശ്രദ്ധേയമാണ്.
ഓൺലൈൻ കലാപഠന ക്ലാസുകൾക്കൊപ്പം കമ്മ്യൂണിറ്റി ആർട്ട് വർക്ക്‌ഷോപ്പുകളിലും പൊതുചുമർചിത്ര പദ്ധതികളിലും വിവിധ കലാസ്ഥാപനങ്ങളുമായുള്ള സഹകരണ പ്രവർത്തനങ്ങളിലും സജീവമാണ്. ചെന്നിത്തല തുണ്ടിൽ തേക്കേതിൽ വിക്രമന്റെയും ജലജാദേവിയുടെയും മകളാണ് അമൃത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |