
വേതനം വൈകിയാൽ 6% പലിശ
കളമശേരി: സുപ്രീംകോടതിയുടെ അനുകൂലവിധി വന്നതോടെ ഫാക്ട് ടെക്നീഷ്യൻ (പ്രോസസ്) ശത്രുഘ്നൻ യാദവിന് 28ന് പുനർനിയമനം നൽകി. സെപ്തംബർ 7നോ അതിനുമുമ്പോ രാവിലെ 9ന് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് എച്ച്.ആർ ഡിപ്പാർട്ട്മെന്റ് അസി.ജനറൽ മാനേജർ ടി.സൈജു ജോസ് നിയമനഉത്തരവ് നൽകി. സർവീസ് തുടർച്ചയും അനുബന്ധ ആനുകൂല്യങ്ങളും ടെർമിനേഷൻ കാലയളവിലെ 50 ശതമാനം വേതനവും കോടതിവിധി വന്ന തീയതി മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നൽകണം. തുക നൽകാൻ വൈകിയാൽ ആറ് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2021ൽ ഫാക്ടിൽ പ്ലാന്റ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ച ഗൊരഖ്പൂർ സ്വദേശി ശത്രുഘ്‌നൻ യാദവിനെ പ്രൊബേഷൻ പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിട്ടിരുന്നു. ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിരുന്ന എൻ.സി.ആർ (ഗുരുതരമല്ലാത്ത കേസ്) വിവരങ്ങൾ അറ്റസ്റ്റേഷൻ ഫോമിൽ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ കേസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന യാദവിന്റെ വാദം രേഖാമൂലമുള്ള തെളിവുകളിലൂടെ ശരിയാണെന്ന് കോടതി കണ്ടെത്തി. സുപ്രീംകോടതിയിലെ അഭിഭാഷകർ സൗജന്യമായാണ് യാദവിനായി വാദിച്ചത്. ഫാക്ട് എംപ്ലോയീസ് അസോസിയേഷനും പിന്തുണയുമായി കൂടെനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |