SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

പൊതിയാത്തേങ്ങ പോലെ 5 കോടിയുടെ സ്റ്റേഡിയം

pic

നിർമ്മാണത്തിൽ അപാകത

കൊച്ചി: കായിക മേഖലയോടുള്ള അവഗണനയുടെ സ്മാരകമായി കളമശേരി നഗരത്തിലെ മൾട്ടി പർപ്പസ് സ്റ്റേഡിയം. അഞ്ചുകോടിയോളം രൂപ മുടക്കി നിർമ്മിച്ച് ആറുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കായിക സമുച്ചയത്തിൽ ഇനിയും പന്തുരുണ്ടിട്ടില്ല. കോർട്ടുകളുടെ നിർമ്മാണ അപാകതയടക്കം വെളിപ്പെട്ടതോടെ സ്റ്റേഡിയം എന്തുചെയ്യണമെന്ന് മുനിസിപ്പാലിറ്റിക്കും രൂപമില്ല. ഇതിനിടെ സ്റ്റേഡിയം ടാർ വീപ്പകളുടെയും മാലിന്യപ്പെട്ടികളുടെയും ഗോഡൗണാക്കിയെങ്കിലും വിവാദമായപ്പോൾ നീക്കംചെയ്തു.

ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകൾക്കും പരിപാടികൾക്കും വേദിയെന്ന നിലയിലാണ് നോർത്ത് കളമശേരി പുത്തലം റോഡിലെ ഒന്നര ഏക്കറിൽ കായിക സമുച്ചയം ആവിഷ്കരിച്ചത്. തുടർച്ചയായി യു.ഡി.എഫ് ഭരിക്കുന്ന മുനിസിപ്പാലിറ്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു നിർമ്മാണം.

കുട്ടികളുടെ പന്തുകളിസ്ഥലം

2014ൽ കെട്ടിടത്തിന് കല്ലിട്ടു. 2020ൽ ഉദ്ഘാടനവും നിർവഹിച്ചു. എല്ലാം കഴിഞ്ഞപ്പോഴാണ് പണിപാളിയെന്ന് വ്യക്തമായത്. വോളിബാൾ, ബാസ്കറ്റ്ബാൾ കോർട്ടുകൾക്ക് നിശ്ചിത അളവില്ലെന്നും സ്റ്റേഡിയത്തിനുള്ളിലെ സൗകര്യങ്ങൾക്ക് നിലവാരമില്ലെന്നും ആക്ഷേപമുയർന്നു. മിനുക്കുപണികൾ ബാക്കിയാക്കി ഗേറ്റ് അടച്ചു. ആ നില തുടരുകയാണ്. പരിസരത്തെ കുട്ടികൾ പന്തുകളിച്ചിരുന്ന സ്ഥലമാണ് കെട്ടിയടച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

വാടക ഈടാക്കാൻ നീക്കം

പുതിയ സർക്കാർ വന്നപ്പോൾ മുഖ്യമന്ത്രിയെ വച്ച് വീണ്ടും ഉദ്‌ഘാടനം നടത്തിയിരുന്നു. പാർക്കും ടർഫും ജിംനേഷ്യവുമാണ് തുറന്നത്. ജിം മാത്രം പേരിനെങ്കിലും പ്രവർത്തിക്കുന്നു. കായികസമുച്ചയം തുറന്നുകൊടുക്കാത്തതിന് കാരണമറിയില്ലെന്ന് നഗരസഭ വിവരാവകാശ മറുപടി നൽകിയതും വിവാദമായിരുന്നു. പൊതിയാത്തേങ്ങയായ സ്റ്റേഡിയം കൈകാര്യം ചെയ്യാനാകില്ലെന്ന് നഗരസഭ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദഗ്ദ്ധ്യമുള്ള കായിക ഏജൻസികളെ നടത്തിപ്പ് ഏല്പിക്കാനും ഉപയോക്താക്കളിൽ നിന്ന് വാടക ഈടാക്കാനുമാണ് പുതിയ നീക്കം. മുനിസിപ്പാലിറ്റിയുടെ പരിപാടികൾക്ക് മാത്രമാകും സൗജന്യം.

പാഴാക്കിയ തുക

തനതുഫണ്ട്: 3.56 കോടി

ധനകാര്യ കമ്മിഷൻ ഗ്രാന്റ്: 1.25 കോടി

കളി ഉപകരണങ്ങൾക്ക്: 12,782 രൂപ

സ്റ്റേഡിയം നടത്തിപ്പിന് ഉചിതമായ ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ സെപ്തംബർ ഒന്നിന് ആരംഭിക്കും.

ജമാൽ മണക്കാടൻ

ചെയർമാൻ

കളമശേരി മുനിസിപ്പാലിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL