
കൊച്ചി: അബദ്ധത്തിൽ കാൽ തട്ടി പൊലീസ് ബാരിക്കേഡ് മറിഞ്ഞപ്പോൾ യുവാവിന് കിട്ടിയത് ‘എട്ടിന്റെ പണി’. കഴുത്തിൽ കിടന്ന 3 ലക്ഷം രൂപയുടെ 3 പവൻ സ്വർണമാല കാണാതായതിന് പുറമെ മർദ്ദനവും അസഭ്യവർഷവും ഏൽക്കേണ്ടിവന്നു.
എറണാകുളം നഗരത്തിൽ തങ്ങി പഠിക്കുന്ന 23കാരനായ വിദ്യാർത്ഥിക്കാണ് ശനിദശയുടെ അപഹാരം തുടങ്ങിയത്. ഇന്നലെ പുലർച്ചെ 4ന് എറണാകുളം ഇന്ത്യൻ കോഫി ഹൗസിന് സമീപം കൊളംബോ ജംഗ്ഷനിലായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കവെയാണ് വിദ്യാർത്ഥിയുടെ കാൽ പൊലീസ് ബാരിക്കേഡിൽ തട്ടിയതും ബാരിക്കേഡ് ഒരു വശത്തേക്ക് മറിഞ്ഞതും.
ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ രാത്രികാല സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർ ഇതോടെ കുപിതനായി. ബാരിക്കേഡ് മനപൂർവ്വം തട്ടിയിട്ടെന്ന് ആരോപിച്ച് വിദ്യാർത്ഥിയുമായുണ്ടായ വാക്കേറ്റം അസഭ്യവർഷത്തിൽ കലാശിച്ചു. ഓട്ടോ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും വിദ്യാർത്ഥിയുടെ കോളറിൽ പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ വിദ്യാർത്ഥി മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മാല ഇല്ലെന്നത് ശ്രദ്ധിക്കുന്നത്.
ജംഗ്ഷനിൽ തിരിച്ചെത്തി പരിശോധിച്ചെങ്കിലും കിട്ടിയില്ല. എറണാകുളം സെൻട്രൽ പൊലീസ് എത്തി ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്തെങ്കിലും മാലയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി.
അന്യായമായി തടഞ്ഞുവെച്ചതിനും പരിക്കേൽപ്പിച്ചതിനും അസഭ്യം പറഞ്ഞതിനും ഒരു ലക്ഷം രൂപയ്ക്ക് മേൽ മൂല്യമുള്ള വസ്തു കാണാതായതിനും ബി.എൻ.എസ് ആക്റ്റ് പ്രകാരം വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. കൊളംബോ ജംഗ്ഷനിൽ നിന്ന് തൃക്കാക്കര തേവക്കൽ സ്വദേശിയായ ഒരാളെ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |