SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

കലാഭവൻ റോഡിലെ 'കാല​'​ഭ​വ​ന​ങ്ങൾ

ketidam

കൊച്ചി: ‘പ്രേതഭവന’ങ്ങളായി എറണാകുളം കലാഭവൻ റോഡിലെ ആളൊഴിഞ്ഞ കെട്ടിടങ്ങൾ. 10 മാസത്തിനിടെ തൊട്ടടുത്ത കെട്ടിടങ്ങളിൽ മരിച്ചത് രണ്ട് യുവാക്കൾ. കഴിഞ്ഞ ഡിസംബറിൽ തലയ്ക്കടിയേറ്റായിരുന്നു ആദ്യ മരണം. ഇന്നലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

കലാഭവൻ റോഡിന് സമീപം റെയിൽവേ ട്രാക്കിലേക്കുള്ള ഇടറോഡിനോട് ചേർ‌ന്ന ആറ് വീടുകളാണ് സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളമായി മാറിയത്. പകൽനേരത്ത് പോലും ‘അപാരതയുടെ വിജനതീര’മെന്ന് വിശേഷിപ്പിക്കാവുന്ന ഏകാന്തതയാണ്. ഇരുമ്പുവേലി കെട്ടി സംരക്ഷിച്ച ട്രാക്കുകളുടെ മറുഭാഗത്തെ കെട്ടിടങ്ങളിൽ അഞ്ചാമത്തേതിൽ ഒരു സാമൂഹ്യസംഘടനയുടെ ഓഫീസ് പ്രവർത്തിക്കുന്നു. ബാക്കി അഞ്ചെണ്ണം കാടുമൂടി, ജനാലകളും വാതിലുകളും പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. രാത്രി നേരങ്ങളിൽ കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളാകും. മദ്യവും മയക്കുമരുന്നും മദിരാശിയും. പായുന്ന ട്രെയിനുകളൊഴിച്ചാൽ സദാസയമവും ആളനക്കമില്ലാതെ കിടപ്പാണ്.

മുന്നറിയിപ്പ് നൽകി പൊലീസ്

ഒരു സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് ആറ് കെട്ടിടങ്ങളും. അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ സിറ്റി പൊലീസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

ആറാം നമ്പർ കെട്ടിടത്തിൽ ഞായറാഴ്ച രാത്രി മദ്യപിക്കാനെത്തിയ മലപ്പുറം സ്വദേശിയാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം മലപ്പുറം സ്വദേശി എത്തിയപ്പോഴും ഇയാൾ കിടപ്പുണ്ടായിരുന്നു. മദ്യപിക്കാൻ എത്തിയതായിരിക്കുമെന്ന് കരുതി ഗൗനിച്ചില്ല. ഞായറാഴ്ച രാത്രി ദുർഗന്ധം അടിച്ചപ്പോഴാണ് സംശയം തോന്നിയത്. ആളെ തിരിച്ചറിയാൻ രേഖകളൊന്നുമില്ല. സമീപമുള്ള ബാഗിൽ മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഡിസംബറിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി

2025 ഡിസംബർ 7നാണ് കോട്ടയം സ്വദേശി അഭിജിത്ത് വിനീഷ് (21) രണ്ടാംനമ്പർ കെട്ടിടത്തിൽ കൊല്ലപ്പെട്ടത്. കൊല്ലം കൊട്ടിയം സ്വദേശി മുഹമ്മദ് അലിയെ (26) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നോർത്ത് മേൽപ്പാലത്തിന് സമീപത്ത് നിന്ന് അഭിജിത്തിനെ മദ്യപിക്കാൻ കൂട്ടിക്കൊണ്ട് വന്നശേഷം കല്ലിന് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മുഹമ്മദ് അലി മൊബൈൽ ഫോൺ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL