
ആമ്പല്ലൂർ: കുരുത്തോല കൈയിലെത്തുമ്പോൾ ആമ്പല്ലൂർ കൊല്ലപറമ്പിൽ കെ.ബി. സന്തോഷ് കുമാറിന്റെ വിരലുകൾക്ക് പിന്നെ വിശ്രമമില്ല. മനസ് നിറയെ പല രൂപങ്ങൾ മിന്നിമറയും, അതേ വേഗതയിൽ കൈകൾ ചലിക്കും. നിമിഷങ്ങൾക്കുള്ളിൽ കാഴ്ചക്കാരന് മുന്നിൽ കുരുത്തോല പൂവാകും, പക്ഷിയാകും, ദേവരൂപമാകും. വെൽഡിംഗ് ജോലിയാണ് ഉപജീവനമാർഗം. ഔപചാരിക വിദ്യാഭ്യാസം പ്രാഥമികതലം വരെ മാത്രം. പക്ഷേ ചുറ്റുമുള്ള ലോകം പാഠപുസ്തകമാണ്. ഒരിക്കൽ കണ്ട രൂപം മനസിൽ പതിയും. പിന്നീടൊരിക്കൽ അത് കലാവിരുതായി പുനർജനിക്കും.
ചില വിദ്യകൾക്ക് യൂട്യൂബാണ് സന്തോഷിന്റെ ഗുരു. കഴിഞ്ഞ നാല് വർഷത്തിലേറെയായി കൂട്ടേക്കാവ് ക്ഷേത്രത്തിലെ കുരുത്തോല അലങ്കാരങ്ങളും ചമയങ്ങളും സന്തോഷിന്റെ കൈകളിലാണ്. അയ്യൻകോവിൽ, പുല്ലേരിപ്പുറം, പള്ളിപ്പുറത്ത് മന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കുരുത്തോലയിൽ അലങ്കാരങ്ങൾ തീർത്തു നൽകുന്നു. ഓണക്കാലമെത്തിയാൽ സമീപത്തെ ക്ലബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും സന്തോഷിനെ തേടിയെത്തും. വലിയ ക്ഷേത്രങ്ങളിൽ കുരുത്തോലയിൽ കൂടുതൽ സൃഷ്ടികൾ ഒരുക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ സഹായികൾ കുറവായതിനാൽ അവസരങ്ങൾ പലതും ഏറ്റെടുക്കാനാവാറില്ല.
പൂക്കളങ്ങളൊരുക്കാനും ചിത്രം വരയ്ക്കാനും സന്തോഷിന് പ്രത്യേക കഴിവുണ്ട്. ജയനും കുട്ടപ്പനുമാണ് സന്തോഷിനൊപ്പം നിൽക്കുന്നവർ. കൊല്ലപറമ്പിൽ ബേബിയുടെയും അമ്മിണിയുടെയും പത്ത് മക്കളിൽ അഞ്ചാമനാണ് സന്തോഷ്. ആറ് സഹോദരിമാരും മൂന്ന് സഹോദരന്മാരുമുള്ള കുടുംബം. അവിവാഹിതനായ സന്തോഷിന് തന്റെ കരവിരുത് പങ്കുവയ്ക്കുക എന്നതിലുപരി മറ്റ് വലിയ സ്വപ്നങ്ങളൊന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |