
കൊച്ചി: ഉൾക്കൊള്ളാനാവുന്ന തടവുകാർ 87. പാർപ്പിച്ചിരിക്കുന്നത് 206 പേരെ! ഓപ്പറേഷൻ തൂഫാനും തണ്ടറും ആഞ്ഞടിച്ചതോടെ കാക്കനാട്ടെ ജില്ലാ ജയിലിലെ സ്ഥിതിയാണിത്. ജയിലിന്റെ സ്ഥിതി സങ്കീർണമായി തുടരുമ്പോഴും പുതിയൊരു ജയിലെന്ന വകുപ്പിന്റെ ആവശ്യം ഇതുവരെ നടപ്പായില്ല. പുതുവൈപ്പിൽ ജയിൽ നിർമ്മിക്കാൻ സ്ഥലം കണ്ടെത്തി സർക്കാർ അംഗീകാരവും നൽകി. രേഖകൾ പ്രകാരം സ്ഥലം തണ്ണീർത്തടമായതോടെ നടപടികൾ അവസാനിച്ചു.
പെരുമ്പാവൂർ വല്ലത്തെ ട്രാവൻകൂർ റയോൺസിന്റെ 15 ഏക്കറിൽ പുതിയ ജയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതും മുന്നോട്ട് നീങ്ങിയില്ല. നിലവിലെ സാഹചര്യമടക്കം വ്യക്തമാക്കി ജയിൽ വകുപ്പ് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. സ്ഥലം വൈകാതെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ജയിൽ വകുപ്പ്. 2.62 ഏക്കറിലാണ് നിലവിലെ ജില്ലാ ജയിൽ. കുറ്റവാളികളുടെ എണ്ണം വർദ്ധിച്ചതോടെ പുതുതായി റിമാൻഡ് ചെയ്യുന്നവരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഒരു വാർഡിലെ എല്ലാ തടവുകാർക്കും 3.72-2മീറ്റർ തറവിസ്തീർണവും 17- 3 മീറ്റർ ശ്വസിക്കാനുള്ള സ്ഥലവും അനുവദിക്കണമെന്നാണ് ജയിൽ ചട്ടം. ചുരുങ്ങിയ സ്ഥലത്ത് പ്രതികളെ കുത്തിനിറച്ച് പാർപ്പിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപമുണ്ട്. ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പൊതുതാത്പര്യ ഹർജിയിൽ രാജ്യത്തെ ജയിലുകൾ നിറയുന്നതിൽ നേരത്തെ സുപ്രീം കോടതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സെൻട്രൽ ജയിൽ
പരിഗണനയിലില്ല
പുതിയ സെൻട്രൽ ജയിൽ പരിഗണനയിൽ പോലും ജില്ലയില്ല. സ്ഥലപരിമിതിക്കൊപ്പം മറ്റ് സൗകര്യങ്ങളുടെ കുറവുമാണ് കാരണം. കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് പരിഗണനയിൽ മുന്നിൽ. സംസ്ഥാനത്തെ പ്രമഥ ബോസ്റ്റൽ സ്‌കൂൾ കാക്കനാട് നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റുന്ന നിർദ്ദേശം എങ്ങുമെത്തിയില്ല. 18 മുതൽ 21 വയസ് വരെ പ്രായമുള്ള കുറ്റവാളികളെ പാർപ്പിക്കുന്നയിടമാണ് ബോസ്റ്റൽ സ്‌കൂൾ. പരമാവധി 66പേർക്കാണ് സൗകര്യം. ഇതും നിറഞ്ഞു.
മറ്ര് ജയിലുകൾ- ശേഷി
മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിൽ -64
ആലുവ സബ് ജയിൽ- 56
എറണാകുളം സബ് ജയിൽ- 48
മട്ടാഞ്ചേരി സബ് ജയിൽ- 36
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |