കൊച്ചി: മൂലമ്പിള്ളി പുനരധിവാസ പാക്കേജിൽ കിട്ടിയ 5സെന്റ് ഭൂമിയിൽ പത്ത് വർഷത്തോളമായി തൊണ്ടിമുതൽ കൂട്ടിയിട്ട് വീടുപണി മുടക്കിയ പൊലീസിന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിൽ പരിഹാരമായി.
2008ൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റെയിൽവേ നിർമ്മാണത്തിനുവേണ്ടി പൊന്നാരിമംഗലത്ത് നാലര സെന്റ് ഭൂമിയും വീടും വിട്ടുകൊടുത്ത പി.ഒ. വർഗീസിനാണ് പകരം കിട്ടിയ ഭൂമിയിൽ വീടുവയ്ക്കാനാകാതെ പത്തുവർഷം കാത്തിരിക്കേണ്ടിവന്നത്. 2009ൽ പുനരധിവാസ പാക്കേജ് പ്രകാരം മുളവുകാട് കാട്ടാത്ത് കടവിൽ പൊലീസ് സ്റ്റേഷന് സമീപം 5 സെന്റ് ഭൂമിയുടെ പട്ടയം കിട്ടി. 2015ൽ മുളവുകാട് ഗ്രാമപഞ്ചായത്ത് ധനസഹായം അനുവദിച്ചെങ്കിലും വെള്ളക്കെട്ടുള്ള ഭൂമി ആയതിനാൽ ഭവനനിർമ്മാണം തടസപ്പെട്ടു. ഈ അവസരം മുതലെടുത്താണ് മുളവുകാട് പൊലീസ് ഭൂമി കൈയേറി തൊണ്ടിമുതൽ യാർഡാക്കി മാറ്റിയത്.
പ്രൊഫ.കെ. അരവിന്ദാക്ഷൻ, സി.ആർ. നീലകണ്ഠൻ, ഫാ. ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ, കെ. റെജികുമാർ തുടങ്ങിയ പൊതുപ്രവർത്തകർ നിരവധിതവണ നേരിട്ടും മൂലമ്പിള്ളി പാക്കേജ് നിർവാഹക സമിതി ഔദ്യോഗികമായും പരാതി നൽകിയിട്ടും സ്ഥലം വിട്ടുനൽകാൻ പൊലീസ് കൂട്ടാക്കിയില്ല. കഴിഞ്ഞ ജൂലായ് 31ന് ചേർന്ന നിരീക്ഷണസമിതിയുടെ തീരുമാനപ്രകാരം ജില്ലാകളക്ടർ ജി. പ്രിയങ്ക വകുപ്പുതലത്തിൽ ഇടപെട്ടാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയത്. തൊണ്ടിമുതൽ നീക്കം ചെയ്തതോടെ വർഗീസും കുടുംബവും സ്ഥലത്തിന് ചുറ്റും മുള്ളുവേലി കെട്ടി കൈവശാവകാശം ഉറപ്പിച്ചു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുളവുകാട് പുനരധിവാസ സൈറ്റ് ഉൾപ്പെടെ എല്ലാ സൈറ്റുകളിലും പൊതുമരാമത്ത് വകുപ്പിന്റെയും കൊച്ചിൻ പോർട്ട് അതോറിട്ടിയുടെയും സഹായത്തോടെ കായൽമണ്ണ് ഉപയോഗിച്ച് ബലപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചിരുന്നു. ഈ പ്രവൃത്തി പൂർത്തിയായാൽ വീട് നിർമ്മാണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് വർഗീസും കുടുംബവും.
കിടപ്പുരോഗിയായ ഭാര്യ മേരിക്കും മരപ്പണിക്കാരനായ മകൻ ലൈജുവിനുമൊപ്പം പുതുവൈപ്പ് കമ്പനിപ്പടിയിൽ പണയത്തിന് എടുത്ത വീട്ടിലാണ് വർഗീസ് ഇപ്പോൾ താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |