
കൊല്ലം: അറിവിനൊപ്പം 29 വിദ്യാർത്ഥികളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവും സഫലമാക്കി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. ആദ്യഘട്ടത്തിൽ 15 വീടുകൾ വിജയകരമായി പൂർത്തിയാക്കി കൈമാറിയ യൂണിവേഴ്സിറ്റി, രണ്ടാംഘട്ടത്തിൽ 14 പഠിതാക്കൾക്ക് കൂടി സ്വന്തമായി സുരക്ഷിത ഭവനം ഒരുക്കുകയാണ്.
പഠനത്തിനെത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിതാക്കൾക്ക് ഒരു സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒപ്പം പദ്ധതി നടപ്പാക്കുന്നത്. പ്രവേശനം നേടുന്ന ഓരോ പഠിതാവും സോഷ്യൽ വെൽഫെയർ ഫണ്ടിലേക്ക് നൽകുന്ന 300 രൂപ വീതമുള്ള സംഭാവനകളാണ് കാരുണ്യ സംരംഭത്തിന്റെ അടിത്തറ. ഒരു പഠിതാവിന്റെ ചെറിയ സംഭാവന മറ്റൊരു പഠിതാവിന്റെ ജീവിതകാല സ്വപ്നം സാക്ഷാത്കരിക്കുന്ന സാമൂഹിക കൂട്ടായ്മയുടെ അതുല്യ മാതൃകയാണിത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനായി ഗഡുക്കളായി പരമാവധി ആറുലക്ഷം രൂപ വരെ സർവകലാശാല അനുവദിക്കും.
'ഒപ്പം’ പദ്ധതിയുടെ രണ്ടാംഘട്ട സംസ്ഥാന ഗുണഭോക്തൃ സംഗമം യൂണിവേഴ്സിറ്റി അക്കാഡമിക് ബ്ലോക്ക് സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി.ജഗതി രാജ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി.പി.പ്രശാന്ത്, ഡോ. സി.ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു എന്നിവർ പങ്കെടുത്തു. ഫിനാൻസ് ഓഫീസർ എം.എസ്.ശരണ്യ പദ്ധതി വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും സെലക്ഷൻ മെമ്മോകൾ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ചേർന്ന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |