
കോട്ടയം : ഒഴിവായ വിറകടുപ്പുകളും പുകയും സ്‌കൂൾ പാചകപ്പുരകളെ വീണ്ടും ശ്വാസം മുട്ടിക്കും. പാചകവാതക ക്ഷാമം മൂലം ജില്ലയിലെ മിക്ക സ്‌കൂളുകളിലും വിറകടുപ്പിന്റെ ഉപയോഗം കൂടി. സ്‌കൂളുകൾക്ക് പാചകവാതകം ലഭിക്കാൻ മുൻഗണനയുണ്ടെങ്കിലും ഗ്യാസ് സിലിണ്ടർ ലഭിക്കും വരെ വിറകുകൾ കൂടി ഉപയോഗിക്കുകയാണ്. മുൻപ് സ്‌കൂളുകളിൽ വിറകടുപ്പിലായിരുന്നു കഞ്ഞി ഉൾപ്പെടെ പാചകം ചെയ്തിരുന്നത്. എന്നാൽ വിറകിലും മറ്റും തട്ടി വീണും അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്നും അപകടങ്ങൾ ഉണ്ടായതും പുക ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളുമാണ് ഗ്യാസിലേയ്ക്ക് തിരിയാൻ കാരണമായത്. എല്ലാ സ്‌കൂളുകളിലും പാചകവാതകം ഉപയോഗിക്കണമെന്നു മൂന്നുവർഷം മുമ്പ് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. അടുപ്പും കേന്ദ്രം നൽകിയിരുന്നു. ഇതോടെ മിക്ക സ്‌കൂളുകളുടെയും അടുക്കള നവീകരിച്ച് വിറകടുപ്പ് ഒഴിവാക്കി.
വിറകിനും പണം കണ്ടെത്തണം
സ്ഥല ലഭ്യത കുറവായ മിക്ക സ്‌കൂളുകളിലും നിലവിൽ വിറകടുപ്പ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുറ്റത്ത് അടുപ്പുകൾ കൂട്ടാമെങ്കിലും മഴ വില്ലനാകുന്നുണ്ട്. താത്കാലിക അടുക്കളയുണ്ടാക്കാക്കാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം. ഭക്ഷ്യസാധനങ്ങൾക്ക് പുറമേ വിറകിനും ഇനി അധിക പണം കണ്ടെത്തണമെന്ന ആശങ്ക അദ്ധ്യാപകർക്കുണ്ട്. വിറക് സംഭരിച്ച് തുടങ്ങിയതോടെ പാമ്പുകളും ആശങ്ക ഉയർത്തുന്നുണ്ട്. വിറകുകൾക്കിടയിൽ മഴക്കാലത്ത് പാമ്പുകൾ സുരക്ഷിത ഇടമായി കണ്ട് പതിയിരിക്കാനുള്ള സാദ്ധ്യതയേറെയാണ്.
'' വിറകടുപ്പ് ഉപയോഗിക്കുന്നതിലെ അപകടാവസ്ഥ കൂടുതലാണ്. ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാണ്. പാചകവാതകം യഥാസമയം ലഭ്യമാക്കണം.
പി.പ്രദീപ്,
ജില്ലാ പ്രസിഡന്റ് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |