SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ജില്ലയിലെ നാല് വില്ലേജുകൾ പരിസ്ഥിതി ലോലം; മലയോരത്ത് അലയടിച്ച് ആശങ്ക,​ പ്രതിഷേധവും

paris

കോട്ടയം : പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല (ഇ.എസ്.എ) പ്രദേശങ്ങളിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖല ഉൾപ്പെട്ടതോടെ ആശങ്കയും,​ പ്രതിഷേധവും കനക്കുന്നു. മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ,​ തീക്കോയി വില്ലേജുകളാണ് പുതിയ വിജ്ഞാപനത്തിലും ഉൾപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ഇതുവരെ ഫീൽഡ് സർവേയോ,​ സാമൂഹികാഘാത പഠനമോ നടത്തിയിട്ടില്ല. ജനകീയ എതിർപ്പ് ശക്തമായതോടെ കഴിഞ്ഞ സർക്കാർ ഈ പ്രദേശങ്ങളെ ഒഴിവാക്കാൻ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നതാണ്.

ന്യൂനപക്ഷങ്ങൾക്ക് പുറമെ പിന്നാക്കവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉറപ്പിൽ വിശ്വസിച്ചാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിൽ ശക്തമായ ഇടപെടൽ നടത്താത്തതാണ് പുതിയ വിജ്ഞാപനത്തിലും ഇടംപിടിക്കാൻ കാരണമെന്നാണ് വിമർശനം. ഈ അവസരം മറയാക്കി സമുദായ സംഘടനകൾ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

കൃഷി ചെയ്യാനാകില്ല, ജീവിതം വഴിമുട്ടും

ജനവാസ മേഖലയായതിനാൽ ഇ.എസ്.എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടാൽ കെട്ടിട നിർമ്മാണമോ, അറ്റകുറ്റപ്പണിയോ, കൃഷിയോ നടക്കില്ലെന്നാണ് പ്രചാരണം. വസ്തു ഈടുവച്ചുള്ള ബാങ്കുവായ്പയും ലഭിക്കില്ല. വർഷങ്ങളായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വില്ലേജുകളാണിത്. റബറിന് പുറമേ കുരുമുളക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് ജനങ്ങളുടെ പ്രധാന വരുമാന മാർഗം. ഇ.എസ്.എ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കുന്നില്ലെങ്കിൽ കൃഷി ചെയ്യാനാവാത്തത് ജീവിതം വഴിമുട്ടിക്കുമെന്നാണ് ഇവർ പറയുന്നത്.

നിയന്ത്രണങ്ങൾ ഇവയ്‌ക്ക്

എല്ലാവിധ മണൽ/പാറ ഖനനങ്ങളും ക്വാറി പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിക്കും

അത്യധികം മലിനീകരണമുണ്ടാക്കുന്ന 'റെഡ് കാറ്റഗറി'യിൽപ്പെട്ട എല്ലാ വ്യവസായങ്ങൾക്കും നിരോധനം

20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണ്ണമുള്ളപുതിയ നിർമ്മാണങ്ങൾക്കോ അനുമതിയില്ല

1,50,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണ്ണമുള്ള വൻകിട റിയൽ എസ്റ്റേറ്റ്/ടൗൺഷിപ്പ് പദ്ധതികൾ തടയും

''ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മലയോര പ്രദേശങ്ങളിൽ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വില്ലേജ് അടിസ്ഥാനമാക്കി പരിസ്ഥിതി മേഖലകൾ നിശ്ചയിച്ചതാണ് പ്രശ്നം. ഈ രീതി മാറ്റണം. ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ വനാതിർത്തിക്കുള്ളിൽ പരിസ്ഥിതിലോല മേഖലയുടെ അതിര് നിശ്ചയിക്കുന്ന രീതി നടപ്പാക്കിയാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാകും. ആധുനിക സാങ്കേതിക വിദ്യയിലൂടെ പുതിയ സർവേ നടത്തണം. ഇക്കാര്യം പാർലമെന്റിൽ ആവശ്യപ്പെടും.

-ഫ്രാൻസിസ് ജോർജ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL