SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

ഇഴഞ്ഞുനീങ്ങുന്ന വികസനം: ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി കൊണ്ടോട്ടി

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി നഗരത്തിലുണ്ടാവുന്ന കടുത്ത വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായും കൊണ്ടോട്ടി ഡൗണിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു. ഇതോടെ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമായിരിക്കുകയാണ്. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് വാഹനയാത്രികരെയും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെയും ഒരുപോലെ വലയ്ക്കുന്നുണ്ടെന്ന് നാട്ടുകാ‌ർ പറഞ്ഞു. മഴപെയ്യുമ്പോഴുള്ള തകർന്ന റോഡിലെ വെള്ളക്കെട്ടും മഴ മാറി നിൽക്കുമ്പോഴുള്ള കടുത്ത പൊടിശല്യവും കാരണം നഗരമധ്യത്തിൽ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. കൊണ്ടോട്ടി 17 മുതൽ കുറുപ്പത്ത് വരെ നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായി മൂന്ന് പ്രധാന കലുങ്കുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 23നാണ് പ്രവൃത്തികൾക്ക് തുടക്കമിട്ടത്. എന്നാൽ മോശം കാലാവസ്ഥയും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണമാക്കി നിർമ്മാണം അനന്തമായി നീളുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഗെയിൽ പൈപ്പ് ലൈൻ പ്രവൃത്തികൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡരികുകളിൽ കുഴിയെടുക്കുന്നത് യാത്രക്കാർക്ക് മറ്റൊരു തലവേദനയായി മാറുകയാണ്. നഗരം കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഓട്ടോറിക്ഷ, മറ്റ് ടാക്സി തൊഴിലാളികളുടെ ജീവിതമാർഗ്ഗത്തെയും ഈ കുരുക്ക് സാരമായി ബാധിച്ചിട്ടുണ്ട്. തകർന്നടിഞ്ഞ നിരത്തുകളിലൂടെയുള്ള യാത്ര കാരണം വാഹനങ്ങൾക്ക് ഇടയ്ക്കിടെ വലിയ തുകയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നുണ്ടെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.


താളംതെറ്റി യാത്രക്കാർ

ദേശീയപാതയിലൂടെ ദിനംപ്രതി കടന്നുപോകുന്ന ആയിരക്കണക്കിന് പൊതു യാത്രാവാഹനങ്ങളും സ്‌കൂൾ ബസ്സുകളും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരും ഗതാഗതക്കുരുക്കിൽ വലയുകയാണ്.

കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന രോഗികളും ദീർഘദൂര യാത്രക്കാരും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിക്കിടക്കുന്നു.

ആംബുലൻസുകൾ പോലും ബ്ലോക്കിൽ അകപ്പെട്ട് കിടക്കുന്നത് ഇവിടെ നിത്യസംഭവമായി മാറി.

അടിയന്തിര യോഗം ചേർന്ന് കൊണ്ടോട്ടി നഗരസഭ

കൊണ്ടോട്ടി ബൈപ്പാസ് വിപുലീകരണ പ്രവൃത്തി നടക്കുന്നതിനാൽ ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നഗരസഭ ചെയർമാൻ യു.കെ മമ്മദിശയുടെ അദ്ധ്യക്ഷതയിൽ നാഷണൽ ഹൈവേ അതോറിറ്റി, പൊലീസ്, ഗെയിൽ ഉദ്യോഗസ്ഥർ, കരാറുകാർ ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.

കനത്ത മഴ കാരണം പ്രവൃത്തി പൂർത്തീകരിക്കാൻ കാലതാമസം വരുന്നുണ്ടെന്ന് നാഷണൽ ഹൈവേ അധികൃതരും കരാറുകാരും യോഗത്തെ അറിയിച്ചു. ഗെയിൽ പൈപ്പ് ലൈൻ പ്രവൃത്തി ഒരാഴ്ചക്കകം പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് ചെയർമാൻ നിർദ്ദേശം നൽകി. പ്രവൃത്തി നടക്കുന്ന ഒരാഴ്ചത്തേക്ക് ഇന്ന് രാവിലെ ഏഴ് മണി മുതൽ ടൗണിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL