SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

പാണക്കാട് കുന്നിടിഞ്ഞ സംഭവം: മണ്ണുനീക്കൽ അവസാനഘട്ടത്തിലേക്ക്; അനുമതി വിവാദത്തിൽ നഗരസഭ

മലപ്പുറം: കനത്ത മഴയെത്തുടർന്ന് പാണക്കാട് എടാഴിപ്പാലത്തുണ്ടായ വൻകുന്നിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. റോഡിലെ തടസ്സങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മഴ മാറിനിന്നതോടെ ഫയർഫോഴ്സിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ ഊർജ്ജിതമാക്കുകയായിരുന്നു. റോഡിനോട് ചേർന്ന് ഇരുവശങ്ങളിലുമായി വൻതോതിൽ അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. വീണ്ടും മഴ പെയ്താൽ മൺകൂന താഴേക്ക് ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ കുന്നിടിഞ്ഞ ഭാഗത്തെ ലൂസായി നിൽക്കുന്ന മണ്ണ് പൂർണ്ണമായും മാറ്റുമെന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ പറഞ്ഞു

മണ്ണുനീക്കൽ വേഗത്തിലാക്കാൻ രണ്ട് ജെ.സി.ബി, രണ്ട് ഹിറ്റാച്ചി എന്നിവയും 12 വലിയ ടോറസ് ലോറികളും 17 ചെറിയ ടിപ്പർ ലോറികളും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തിക്കുന്നത്. ജിയോളജി വകുപ്പ് നിശ്ചയിച്ച കേന്ദ്രങ്ങളിലേക്കാണ് മണ്ണ് മാറ്റുന്നത്. പുഴയുടെ സമീപപ്രദേശമായതിനാൽ അവിടെ മണ്ണ് നിക്ഷേപിക്കുന്നത് ഭാവിയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് ഈ മുൻകരുതൽ. കുന്നിടിഞ്ഞ ഭാഗത്ത് സുരക്ഷാ പരിഗണന മുൻനിറുത്തി വലിയ പാറക്കല്ലുകൾ ഉപയോഗിച്ച് താൽക്കാലിക പ്രൊട്ടക്ഷൻ വാൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ദുരന്തത്തിൽ തകരാറിലായ ഇലക്ട്രിക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ജിയോളജി വകുപ്പിന്റെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.


മണ്ണെടുപ്പിൽ തർക്കം

2019ൽ കനത്ത മണ്ണിടിച്ചിലുണ്ടായ അതേസ്ഥലത്താണ് എല്ലാ നിബന്ധനകളും കാറ്റിൽപ്പറത്തി വീണ്ടും വൻതോതിൽ മണ്ണെടുപ്പും പാറപൊട്ടിക്കലും നടന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അശാസ്ത്രീയമായി മണ്ണെടുത്തതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും ഇതിനായി ജിയോളജി വകുപ്പും മലപ്പുറം നഗരസഭയും അനുമതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാണക്കാട്ടുണ്ടായത് പ്രകൃതിദുരന്തമാണ്. ആവശ്യമായ എല്ലാരേഖകളും പരിശോധിച്ച ശേഷം ഉദ്യോഗസ്ഥതലത്തിലാണ് കെട്ടിട നിർമ്മാണത്തിനും മണ്ണെടുപ്പിനും അനുമതി നൽകിയത്. നിർദ്ദിഷ്ട പ്രദേശം അപകടസാദ്ധ്യതയുള്ള സ്‌പെഷ്യൽ സോണിൽ ഉൾപ്പെടുന്നില്ല. നഗരസഭയുടെ ഹെൽത്ത് സെന്ററിന്റെ നിർമ്മാണം പോലും ഇതേ പ്രദേശത്ത് ആസൂത്രണം ചെയ്തിരുന്നു

റിനീഷ റഫീഖ് ,​ നഗരസഭാദ്ധ്യക്ഷ

അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. അധികൃതരുടെ കൃത്യമായ അനുമതിയോടെയാണ് മണ്ണെടുപ്പും നിർമ്മാണ പ്രവൃത്തികളും നടത്തിയത്. ജിയോളജി വകുപ്പിന്റെ അടക്കം അനുമതിയോടെയാണ് പ്രവൃത്തികൾ നടന്നത്

നൗഫൽ,​ സലീം,​ സ്ഥലം ഉടമകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL