SignIn
Kerala Kaumudi Online
Thursday, 06 August 2026 2.57 PM IST

പാണക്കാട്ടെ ഭൂമി അപകടമേഖലയെന്ന് എൻജിനീയറിംഗ് റിപ്പോർട്ട്; നിർ‌മ്മാണ അനുമതി റദ്ദാക്കും

മലപ്പുറം: ഒരുവശത്ത് തിരക്കേറിയ റോഡും തൊട്ടടുത്ത് കടലുണ്ടി പുഴയുമുള്ള പാണക്കാട് എടായിപ്പാലത്തെ ചെങ്കുത്തായ മലഞ്ചെരുവിൽ അശാസ്ത്രീയ നിർമ്മാണത്തിന് വഴിതുറന്നതിന് പിന്നിൽ മലപ്പുറം നഗരസഭയുടെ ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തം. 2018ൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് അടിസ്ഥാനപരമായ സുരക്ഷാ പരിശോധനകൾ നടത്താതെയാണ് നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടതും പിന്നീട് പെട്രോൾ പമ്പ് അടക്കമുള്ള നിർമ്മാണങ്ങൾക്ക് പെർമിറ്റ് അനുവദിച്ചതും. ഇവിടുത്തെ മണ്ണ് നിർമ്മാണങ്ങൾ താങ്ങാൻ ശേഷിയുള്ളതല്ലെന്ന് കുന്നിടിഞ്ഞു വീണ ശേഷം നഗരസഭ എൻജിനീയറിംഗ് വിഭാഗം തന്നെ റിപ്പോർട്ട് നൽകിയതായാണ് വിവരം. ഇതോടെ നൽകിയ അനുമതികളും ലൈസൻസും അടിയന്തരമായി റദ്ദാക്കാനാണ് നഗരസഭ അധികൃതരുടെ തിരക്കിട്ട നീക്കം.

2025 സെപ്തംബർ 26നാണ് സ്വകാര്യവ്യക്തിക്ക് കെട്ടിട നിർമ്മാണത്തിനായി നഗരസഭ പെർമിറ്റ് അനുവദിച്ചത്. അപകടഭീഷണിയുള്ള പ്രദേശത്ത് കൃത്യമായ പരിശോധന നടത്താതെ നൽകിയ അനുമതിയാണ് ഇപ്പോൾ വൻമണ്ണിടിച്ചിലിൽ കലാശിച്ചത്.

3,​000 ചതുരശ്ര അടിയിൽ താഴെയുള്ള സ്ഥലമായതിനാൽ സുരക്ഷാ പരിശോധനകൾ നടത്തി അനുമതി നൽകേണ്ട ചുമതല നഗരസഭയ്ക്കാണെന്നും പാറ പൊട്ടിക്കുന്ന പ്രവൃത്തികൾക്കേ തങ്ങളുടെ അനുമതി ആവശ്യമുള്ളൂവെന്നും ചൂണ്ടിക്കാട്ടി ജിയോളജി വകുപ്പ് കൈയൊഴിയുന്നു.

വൻതോതിൽ പാറപൊട്ടിച്ചു

മണ്ണിടിച്ചിലിന് മൂന്ന് ദിവസം മുമ്പുവരെ തൊട്ടടുത്ത മറ്റൊരു ഭൂമിയിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിംഗ് ഉൾപ്പെടെയുള്ള പാറപൊട്ടിക്കൽ നടന്നിരുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.

ചുറ്റും മറച്ചുകെട്ടി ഈ ഭൂമിയിൽ മാസങ്ങളായി പാറ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടന്നുവരികയായിരുന്നു.

തുടർച്ചയായി നടത്തിയ ഇലക്ട്രിക്കൽ ബ്ലാസ്റ്റിംഗ് സമീപത്തെ വീടുകളിൽ വൻശബ്ദവും പ്രകമ്പനവും ഉണ്ടാക്കിയിട്ടും നടപടിയെടുക്കേണ്ട ജിയോളജി വകുപ്പ് മാത്രം ഇക്കാര്യമറിഞ്ഞിട്ടില്ല.


മണ്ണ് നീക്കം പുരോഗമിക്കുന്നു

കുന്നിടിഞ്ഞ സ്ഥലത്ത് നിന്ന് 238 ലോഡ് മണ്ണ് ഇതിനകം മാറ്റിയിട്ടുണ്ട്. ഇനിയും 150ലധികം ലോഡ് മണ്ണ് നീക്കം ചെയ്യാനുണ്ട്.

കാലാവസ്ഥ അനുകൂലമായതോടെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പ്രവൃത്തികൾ വേഗത്തിലാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL