വണ്ടൂർ: സംസ്ഥാനത്തെ പൗൾട്രി മേഖല മുമ്പെങ്ങുമില്ലാത്തവിധം കടുത്ത തകർച്ചയുടെ വക്കിലാണ്. കുതിച്ചുയരുന്ന ഉത്പാദനച്ചെലവിനനുസരിച്ച് വിപണിവില ലഭിക്കാതായതോടെ ബ്രോയിലർ കോഴികളെ വളർത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന കർഷകരിൽ പലരും ഫാമുകൾ അടച്ചുപൂട്ടുകയാണ്.
പൊതുവിപണിയിൽ ഇറച്ചിക്കോഴി വില ചിറകടിച്ചുയരുമ്പോഴും അതിന്റെ നേട്ടം സാധാരണ കർഷകന് ലഭിക്കുന്നില്ല. കിലോയ്ക്ക് 160 മുതൽ 180 രൂപ വരെ കൊടുത്ത് ഉപഭോക്താവ് ഇറച്ചി വാങ്ങുമ്പോൾ കർഷകന് ഫാംറേറ്റായി ലഭിക്കുന്നത് ഉൽപ്പാദനച്ചെലവിനേക്കാൾ തുച്ഛമായ തുകയാണ്. ഈ വില വ്യത്യാസത്തിന്റെ ഒടുവിലത്തെ ലാഭം മുഴുവൻ ഇടനിലക്കാരും തമിഴ്‌നാട് ലോബികളും ചേർന്ന് കൊണ്ടുപോകുമ്പോൾ, കർഷകന് മിച്ചം ലക്ഷങ്ങളുടെ കടബാദ്ധ്യതയും നഷ്ടക്കണക്കുകളും മാത്രം.
മേഖലയെ തകർക്കുന്ന പ്രധാന വില്ലൻ തീറ്റയുടെ അമിത വിലക്കയറ്റമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയിലധികം വർദ്ധിച്ചു. നിലവിൽ ചാക്കിന് 2,500 രൂപയ്ക്കും മുകളിലാണ് വിപണിവില. ചോളം, സോയാബീൻ, സോയാപിണ്ണാക്ക് എന്നിവയുടെ ലഭ്യതക്കുറവും വിലവർദ്ധനയുമാണ് തിരിച്ചടിയായത്. കാലാവസ്ഥാ വ്യതിയാനം, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി തടസ്സങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ എന്നിവ തീറ്റ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു
44 രൂപ നൽകിയാണ് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയിട്ടുള്ളത്. ഇവയെ 40 ദിവസം പരിപാലിച്ചു വലുതാക്കി വിപണിയിലെത്തിക്കുമ്പോൾ ഫാംറേറ്റ് കിലോഗ്രാമിന് വെറും 110 രൂപ മാത്രമാണ് ലഭിക്കുന്നത്.
തീറ്റ, കോഴിക്കുഞ്ഞിന്റെ വില, മരുന്ന്, വൈദ്യുതി, വെള്ളം, തൊഴിലാളികളുടെ വേതനം, ഗതാഗതം, ബാങ്ക് പലിശ എന്നിവയെല്ലാം കൂട്ടുമ്പോൾ കർഷകന് നഷ്ടം മാത്രം.
ഗുണമേന്മയില്ലാത്ത തീറ്റ
തീറ്റയ്ക്ക് വൻതുക ഈടാക്കുമ്പോഴും അതിന്റെ ഗുണമേന്മയിൽ വലിയ ഇടിവ് സംഭവിച്ചതായി കർഷകർ പരാതിപ്പെടുന്നു.
പോഷകഗുണമില്ലാത്ത തീറ്റ നൽകുന്നതിനാൽ കോഴികളിൽ രോഗപ്രതിരോധശേഷി കുറയുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്നു.
മരുന്നുകൾക്കായി വീണ്ടും അധിക തുക ചെലവഴിക്കേണ്ടി വരുന്നത് കർഷകന്റെ നടുവൊടിക്കുകയാണ്.
പല കർഷകരും പുതിയ ബാച്ച് കുഞ്ഞുങ്ങളെ ഫാമിൽ ഇറക്കാൻ മടിക്കുകയാണ്.
നേരിട്ട് കോഴി ഇറക്കി വളർത്തുന്ന കർഷകർ തീറ്റയുടെയും മരുന്നിന്റെയും വിലവർദ്ധനയാൽ വലയുകയാണ്. കോഴികളിലെ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതും പ്രതിസന്ധിയാണ്. കോഴിവളർത്തൽ കൃഷിയായി പരിഗണിക്കാത്തതും അശാസ്ത്രീയമായ നികുതിനിരക്കുകളും സങ്കീർണമായ ലൈസൻസ് സമ്പ്രദായവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെട്ട് കർഷകർക്ക് ആശ്വാസം നൽകണം.'
കാദറലി വറ്റല്ലൂർ (കേരള പൗൾട്രി ഫാം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി )
(അടുത്ത ഭാഗത്തിൽ: അയൽസംസ്ഥാന ലോബികളും കേരളത്തിലെ ഫാംറേറ്റ് അട്ടിമറിയും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |