SignIn
Kerala Kaumudi Online
Friday, 07 August 2026 5.15 AM IST

പ്രളയഭീതിയിൽ നിന്ന് ആശ്വാസതീരത്തേക്ക്‌ ജൂണിൽ മഴ പറ്റിച്ചു, ആഗസ്റ്റിൽ തിരിച്ചടിച്ചു!

മലപ്പുറം: പ്രളയഭീതി പടർത്തി പെയ്തിറങ്ങിയ മഴ രണ്ട് ദിവസമായി മാറിനിൽക്കുന്നതിന്റെ ആശ്വാസത്തിലാണ് ജില്ല. പുഴകളിൽ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളക്കെട്ടൊഴിഞ്ഞു. മഞ്ചേരിയിൽ പെയ്ത ഒമ്പത് മില്ലീമീറ്ററാണ് ഇന്നലെ രേഖപ്പെടുത്തിയതിൽ ഉയർന്ന മഴ. ജൂണിൽ പെയ്യാൻ മറന്ന മഴ, ആഗസ്റ്റിൽ ശക്തി വീണ്ടെടുത്തതോടെ മൺസൂൺ മഴയുടെ ലഭ്യതയിൽ മലപ്പുറം സാധാരണ നിലയിലേക്കെത്തിയത്. വരുന്ന രണ്ടുദിവസം മഴ ശക്തമാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് ഓറഞ്ച് അലേർട്ടും നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ ഒന്നുമുതൽ ആഗസ്റ്റ് ആറ് വരെയുള്ള കാലയളവിൽ 1165.8 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട 1386.4 മില്ലീമീറ്ററിനേക്കാൾ 16% കുറവാണെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം (+19% മുതൽ -19% വരെ) സാധാരണ മഴലഭ്യത വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സംസ്ഥാനമൊട്ടാകെ 23% മഴക്കുറവുള്ളപ്പോഴാണ് മലപ്പുറത്തിന്റെ തിരിച്ചുവരവ്. വയനാട് (51%), ഇടുക്കി (45%), തൃശൂർ (26%), പാലക്കാട് (23%) എന്നിവിടങ്ങളിൽ രൂക്ഷമായ മഴക്കുറവ് തുടരുന്നുണ്ട്.

പെയ്തപ്പോൾ പെരുമഴ

  • മൺസൂൺ ആരംഭിച്ച ആദ്യ രണ്ടാഴ്ച പ്രവചിച്ചതിനേക്കാൾ 50 ശതമാനത്തോളം അധിക മഴ ലഭിച്ചെങ്കിലും പിന്നീട് രണ്ടാഴ്ചയോളം മഴ തീർത്തും മാറിനിന്നതാണ് ജൂണിൽ തിരിച്ചടിയായത്.
  • ജൂൺ ഒന്നുമുതൽ 30 വരെ 649.3 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് 499.7 മില്ലീമീറ്ററാണ് ലഭിച്ചത് (23 ശതമാനം കുറവ്). കഴിഞ്ഞ വർഷം ജൂണിൽ ഏഴ് ശതമാനത്തിന്റെ കുറവാണുണ്ടായിരുന്നത്.
  • ആഗസ്റ്റ് ആദ്യവാരം കണക്കുകൂട്ടലുകളെ തെറ്റിച്ചുള്ള പെരുമഴയാണ് ലഭിച്ചത്. ചോളാർ മല ഉന്നതി -260 മി.മീ,​ വെറ്റിലപ്പാറ 244.8 മി.മീ എന്നിങ്ങനെ അതിതീവ്രമഴ ലഭിച്ചു.
  • വിവിധ വകുപ്പുകളുടെ മഴമാപിനികളിൽ 11 ഇടങ്ങളിൽ 150 മില്ലീമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി.

മാനം തെളിഞ്ഞു

(ഇന്നലെ പെയ്ത മഴ)​

മഞ്ചേരി: 9.1 മില്ലീമീറ്റർ

നിലമ്പൂർ: 8 മില്ലീമീറ്റർ

കരിപ്പൂർ എയർപോർട്ട്: 7 മില്ലീമീറ്റർ

അങ്ങാടിപ്പുറം: 6.8 മില്ലീമീറ്റർ

പൊന്നാനി: 3.0 മില്ലീമീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL