മലപ്പുറം: ജില്ലയിലെ എൽ.പി സ്‌കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ വലിയ കുറവ്. 2025 മേയ് 31ന് നിലവിൽ വന്ന പുതിയ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരുവർഷം പിന്നിടുമ്പോഴും ഇതുവരെ പി.എസ്.സി നിയമന ശുപാർശ നൽകിയത് 134 പേർക്ക് മാത്രമാണ്. മുൻ റാങ്ക് പട്ടികയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നിയമനം നടന്ന ജില്ലയിലാണ് നിലവിൽ ഉദ്യോഗാർത്ഥികൾ കടുത്ത അവഗണന നേരിടുന്നത്. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് 1,185 ഉദ്യോഗാർത്ഥികൾക്കാണ് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം നിയമന ശുപാർശ ലഭിച്ചിരുന്നത്.
പുതിയ ലിസ്റ്റ് വന്ന് ഒരുവർഷം പൂർത്തിയായിട്ടും മുൻപത്തെ നിയമനത്തിന്റെ പത്ത് ശതമാനത്തിന് അടുത്തുപോലും എത്തിയിട്ടില്ല. വർഷങ്ങളോളം പി.എസ്.സി പരീക്ഷയ്ക്കായി തയ്യാറെടുത്ത് ഉയർന്ന റാങ്ക് കരസ്ഥമാക്കിയിട്ടും നിയമനം വൈകുന്നത് നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് ഇല്ലാതാക്കുന്നത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസവും വിദ്യാഭ്യാസ വകുപ്പിലെ ഭരണപരമായ മെല്ലെപ്പോക്കുമാണ് നിയമനം ഇത്രയധികം കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിരമിക്കൽ ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് കൈമാറുന്നില്ലെന്ന പരാതി ഉദ്യോഗാർത്ഥികൾക്കിടയിൽ ശക്തമാണ്. കൂടാതെ, പ്രധാനാദ്ധ്യാപകരുടെ പ്രൊമോഷൻ വൈകുന്നതും പുതിയ എൽ.പി.എസ്.ടി ഒഴിവുകൾ സൃഷ്ടിക്കപ്പെടുന്നതിന് തടസ്സമാകുന്നുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ എൽ.പി സ്‌കൂളുകളും വിദ്യാർത്ഥികളുമുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ അദ്ധ്യാപക നിയമനം ഇത്രത്തോളം ഇഴഞ്ഞുനീങ്ങുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെയും സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കും. വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് മുഴുവൻ ഒഴിവുകളും കണ്ടെത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും, നിയമന നടപടികൾ വേഗത്തിലാക്കണമെന്നുമാണ് റാങ്ക് ഹോൾഡേഴ്സിന്റെയും അദ്ധ്യാപക സംഘടനകളുടെയും ആവശ്യം.
നിയമനം ഇങ്ങനെ
ഓപ്പൺ മെരിറ്റ് (പൊതുവിഭാഗം): 59
മുസ്‌ലിം: 60
ഒ.ബി.സി: 75
ഈഴവ: 87
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ഡബ്ല്യു.എസ്): 137
പട്ടികവർഗ്ഗം (എസ്.ടി): സപ്ലിമെന്ററി ലിസ്റ്റ് 10
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |