വാളയാർ: അതിർത്തിയിലെ വെർച്വൽ ചെക് പോസ്റ്റുകൾക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. ഇത്തവണയും വാളയാറിൽ വെർച്വൽ ചെക് പോസ്റ്റ് സ്ഥാപിക്കാൻ നടപടിയില്ല. ഇതു സംബന്ധിച്ച് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ പരാമർശിക്കുകയോ തുക വകയിരുത്തുകയോ ചെയ്തിട്ടില്ല. അതിർത്തിയിലെ നികുതി വെട്ടിപ്പ് തടഞ്ഞ് സർക്കാരിന് ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതിയാണ് ഒഴിവാക്കപ്പെട്ടത്. വെർച്വൽ ചെക്‌പോസ്റ്റുകളുടെ വരവ് പ്രതീക്ഷയോടെ കാത്തിരുന്നവർക്കെല്ലാം നിരാശ സമ്മാനിച്ച തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.
ഓട്ടോമാറ്റിക് സെൻസറുള്ള ഇ വേബ്രിഡ്ജ് സംവിധാനത്തോടെയുള്ള വെർച്വൽ ചെക് പോസ്റ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. പദ്ധതി ആസൂത്രണം ചെയ്ത് കാലങ്ങളായെങ്കിലും ഇതുവരെയും നടപ്പിലാക്കാനായില്ല. തിരുവനന്തപുരത്ത് നിന്ന് ഉദ്യോസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് വെർച്വൽ ചെക് പോസ്റ്റുകളുടെ പ്രവർത്തന സംവിധാനം പ്ലാൻ ചെയ്തിരിക്കുന്നത്. ഇത്തവണയെങ്കിലും പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് ബഡ്ജറ്റിലെ അവഗണനയോടെ ഇല്ലാതായിരിക്കുന്നത്. നിലവിൽ മോട്ടോർ വാഹന ചെക്‌പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ലക്ഷങ്ങളുടെ നികുതിവരുമാനമുണ്ടായിരുന്ന ചെക് പോസ്റ്റിൽ കഴിഞ്ഞ വർഷം 56000 രൂപ മാത്രമാണ് നികുതി വരുമാനമായി കിട്ടിയത്. പകൽ മാത്രമെ ഈ ചെക് പോസ്റ്റ് പ്രവർത്തിക്കുന്നുള്ളു. രാത്രികാലങ്ങളിലാണ് ചരക്ക് നീക്കം സജീവം. വാഹനങ്ങൾ പരിശോധിക്കാനോ പിഴ ഈടാക്കാനോ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ഒരു ചെറിയ ഷെഡ്ഡിലാണ് ചെക് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി ഇവിടെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റി താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് വെർച്വൽ ചെക്‌പോസ്റ്റ് എന്ന ആശയം ഉയർന്ന് വന്നപ്പോൾ പുതിയ കെട്ടിട നിർമ്മാണം വേണ്ടെന്ന് വെച്ചു. പ്രവർത്തനം താൽക്കാലിക ഷെഡ്ഡിൽ തുടർന്നു. പുതിയ കെട്ടിടവും വന്നില്ല, വെർച്വൽ ചെക് പോസ്റ്റും വന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |