
പത്തനംതിട്ട : ബാങ്ക് ഷട്ടറിന്റെ പൂട്ടിൽ അണലിയെ കണ്ടെത്തി. തുറക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ശ്രദ്ധിച്ചതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ 10ന് പത്തനംതിട്ട അബാൻ ജംഗ്ഷനിലെ കാനറാ ബാങ്കിന്റെ ഷട്ടറിന്റെ പൂട്ടിനോട് ചേർന്നാണ് അണലിയുടെ കുഞ്ഞിനെ കണ്ടത്. പൂട്ട് തറനിരപ്പിൽ നിന്ന് അല്പം താഴെയായിട്ടാണുള്ളത്. ചെറിയ കുഴി പോലെയാണ് ഈ ഭാഗം. ഈ ഭാഗത്തേക്ക് കൈയിറക്കിവേണം ലോക്ക് തുറക്കാൻ. എന്നാൽ തുറക്കാനെത്തിയ ജീവനക്കാരൻ എന്തോ അനങ്ങുന്നതുകണ്ട് ശ്രദ്ധയോടെ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിന്റെ കോന്നിയിലുള്ള ആർ.ആർ.ടി സംഘത്തെ വിവരം അറിയിച്ചെങ്കിലും അവർ സ്ഥലത്തില്ലായിരുന്നു. പകരം ആർ.ആർ.ടിയുടെ പരിശീലനവും ലൈസൻസുമുള്ള പത്തനംതിട്ടക്കാരനായ മുഹമ്മദലി സ്ഥലത്തെത്തി അണലിയെ പിടിച്ച് കുപ്പിയിലാക്കി. ഇതിനുശേഷം 10.45നാണ് ബാങ്ക് തുറന്ന് പ്രവർത്തനം തുടങ്ങിയത്. പാമ്പിനെ പിന്നീട് ആർ.ആർ.ടി സംഘത്തിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |