കൂടൽ:ഇഞ്ചപ്പാറ 66-ാം നമ്പർ അങ്കണവാടിയിൽ 45 കൊല്ലം കുരുന്നുകൾക്ക് കൂട്ടായിരുന്ന കൊച്ചുടീച്ചർ എന്ന സുകുമാരിയമ്മ വിരമിക്കുന്നു. ഗ്രാമത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയാണ് സുകുമാരിയമ്മ അങ്കണവാടിയിൽ നിന്ന് പടിയിറങ്ങുന്നത്. ആറിന് ഉച്ചയ്ക്ക് 2.30ന് സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സുകുമാരിയമ്മയെ നാട് ആദരിക്കും. അങ്കണവാടിയിലെ ആയയായ സുകുമാരിയമ്മ വെറും ജീവനക്കാരി മാത്രമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ സ്വന്തം മക്കളെപ്പോലെയാണ് പരിചരിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് മരിച്ച ഏകമകനെ എല്ലാ കുഞ്ഞുങ്ങളിലും സുകുമാരിയമ്മ കണ്ടു. ആ സ്നേഹം ഏറ്രുവാങ്ങിയ കുട്ടികൾ മുതിർന്നിട്ടും കൊച്ചുടീച്ചറിനെ മറന്നില്ല. യാത്രയയപ്പ് നൽകാനായി രൂപീകരിച്ച താങ്ങും തണലും ജനകീയ വേദി സുകുമാരിയമ്മയ്ക്ക് സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചു. നാടിന്റെ സ്നേഹം പങ്കുവച്ച് നടക്കുന്ന സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനംചെയ്യും. കൂടൽ ഷാജി അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ മൊമന്റോ സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് മൊബൈൽ ഫോൺ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ.സലീം, ഫാ.പോൾ വർഗീസ്, അങ്കണവാടി ടീച്ചർ ടി.വി. രജനി എന്നിവർ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |