
പത്തനംതിട്ട : മഴക്കാല മുന്നൊരുക്കം കാര്യക്ഷമമാകാത്തതിനാൽ തണൽമരങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുകയാണ്. കാലവർഷം തുടങ്ങുന്നതിന് മുമ്പ് പൊതു നിരത്തുകളുടെ സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന നിർദ്ദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മുൻവർഷത്തെ വീഴ്ചകൾ പാഠമാക്കി മഴക്കാലമുന്നൊരുക്കം മുൻകൂട്ടി നടത്താൻ ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ട് ഒരു മാസം പിന്നിട്ടു. ഇതിനായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. എന്നാൽ ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും മുന്നൊരുക്കങ്ങൾ റോഡുവക്കിലെ പുല്ലുവെട്ടിലൊതുങ്ങി.
പത്തനംതിട്ട നഗരത്തിൽ ഏറെ തിരക്കുള്ള ടി.കെ റോഡിൽ ജില്ലാ ആശുപത്രിയുടെ മുൻഭാഗം, മിനിസിവിൽ സ്റ്റേഷന് മുൻഭാഗം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാഡിന് സമീപം, ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുൻഭാഗം, മാർക്കറ്റ് റോഡ്, റിംഗ് റോഡിൽ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ നിരവധി മരങ്ങളാണ് റോഡിലേക്കും വൈദ്യുതി കമ്പികൾക്കു മുകളിലേക്കും വളർന്ന് നിൽക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുമാണ് മഴക്കാല മുന്നൊരുക്കത്തിന് കൂടുതൽ കരുതലോടെ പ്രവർത്തിക്കേണ്ടത്.
നടത്തേണ്ട മുന്നൊരുക്കങ്ങൾ
അപകടമരങ്ങൾ മുറിക്കുക, ഓടകളുംതോടുകളും തെളിക്കുക, റോഡുകളിൽ വാഹനങ്ങളുടെ കാഴ്ചമറച്ച് നിൽക്കുന്ന കാടുകൾ തെളിയിക്കുക, പരസ്യഹോർഡിംഗുകൾ മാറ്റുക, പൊതു ഇടങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, വൈദ്യുതി കമ്പികൾക്ക് മുകളിലേക്ക് നിൽക്കുന്ന മരച്ചില്ലകൾ മുറക്കുക, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.
സ്വകാര്യ വ്യക്തികളുടെയും സർക്കാർ വകുപ്പുകളുടെയും ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റേണ്ടത് ഉടമകളുടെ ചെലവിലാണ്. ഇത് ചെയ്തില്ലെങ്കിൽ പഞ്ചായത്തിരാജ് ആക്ട് പ്രകാരം ഇവ മാറ്റി ഇതിന് ചെലവാകുന്ന പണം ഉടമകളിൽ നിന്ന് ഈടാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |