SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.20 PM IST

പഴയ വരട്ടാറിൽ മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

33
നവീകരിച്ച പഴയ വരട്ടാറിൽ മാലിന്യങ്ങളും കൂറ്റൻ മരങ്ങളുടെ വേരുകളും തള്ളിയ നിലയിൽ.

തിരുവൻവണ്ടൂർ: നവീകരിച്ച പഴയ വരട്ടാറിൽ മാലിന്യങ്ങളും കൂറ്റൻ മരങ്ങളുടെ വേരുകളും തള്ളി. പ്രതിഷേധവുമായി നാട്ടുകാർ. ഗവ. ഹൈസ്കൂളിന് സമീപമുള്ള പഴയ വരട്ടാറിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്. തോടിനോട് ചേർന്ന പുരയിടം വൃത്തിയാക്കിയതിന്റെ ഭാഗമായി നീക്കം ചെയ്ത ചപ്പുചവറുകൾ, കാടും പടലും, കൂറ്റൻ മരങ്ങളുടെ അടിവേരുകളോടുകൂടിയ മരക്കുറ്റികൾ എന്നിവയാണ് തള്ളിയത്.

മാലിന്യങ്ങൾ തള്ളുന്നത് നീരൊഴുക്കിന് തടസമാകുകയും സമീപത്തെ വീടുകൾക്ക് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന ആശങ്കയിലാണ് സമീപവാസികൾ. മരങ്ങളുടെ അടിവേരുകളോടുകൂടിയ മരക്കുറ്റികൾ തോട്ടിൽ നിക്ഷേപിക്കാനെന്നവണ്ണം കരയിൽ നിരത്തിവച്ചിട്ടുമുണ്ട്. നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

തോടിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മാലിന്യങ്ങൾ അഴുകി പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. സമീപത്തെ കിണറുകളിലേക്കും മാലിന്യത്തിന്റെ ഉറവിടത്തിൽനിന്നുള്ള മലിനജലം എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പൊതുവെ ഏറ്റവും കൂടുതൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ജലാശയങ്ങളിലൊന്നാണ് വരട്ടാറെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ കണ്ടെത്തിയിരുന്നു.

വരട്ടാർ നവീകരിച്ചത് 2017ൽ

രണ്ടര പതിറ്റാണ്ടിലേറെയായി മാലിന്യവാഹിനിയായി മാറുകയും കൈയേറ്റത്തിന് ഇരയാകുകയും ചെയ്ത പഴയ വരട്ടാർ 2017-ലാണ് ഗ്രാമപഞ്ചായത്തിന്റെയും കരുണ പാലിയേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നവീകരിച്ചത്. എന്നാൽ, ചില സാങ്കേതിക തടസങ്ങൾ കാരണം നവീകരണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. “നവീകരിച്ച പഴയ വരട്ടാറിൽ മാലിന്യങ്ങളും കൂറ്റൻ മരങ്ങളുടെ വേരുകളും തള്ളുന്നത് നീരൊഴുക്കിന് തടസമുണ്ടാക്കുകയും സമീപത്തെ വീടുകളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുകയും ചെയ്യും. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

.........................................................................................

തോടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. മാലിന്യങ്ങൾ അഴുകി ദുർഗന്ധവും പരിസര മലിനീകരണവും ഉണ്ടാകുന്നുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് മാലിന്യങ്ങൾ നീക്കം ചെയ്യുകയും തോട് സംരക്ഷിക്കുകയും വേണം.”

സജി കുമാർ

(പ്രദേശവാസി)

......................................................................

1. പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം

2. തോടിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക മാലിന്യ നിക്ഷേപം

3. നീരൊഴുക്കിന് തടസമെന്ന് നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL