തമിഴ്നാട്ടിലേക്കുള്ള വഴിയടഞ്ഞതോടെ മാലിന്യംതള്ളൽ രൂക്ഷം
തിരുവനന്തപുരം: അറവുമാലിന്യങ്ങളും സെപ്‌റ്റേജ് മാലിന്യങ്ങളും തള്ളി നെയ്യാറിനെ തലസ്ഥാനത്തെ മറ്റൊരു മാലിന്യവാഹിനിയാക്കി മാറ്റുന്നു. രാത്രിയുടെ മറവിൽ ആറ്റിലേക്ക് മാലിന്യം തള്ളൽ വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാർവതി പുത്തനാറും ആമയിഴഞ്ചാൻ തോടും പോലെ നെയ്യാറും അധികം വൈകാതെ മാലിന്യം മൂടി ദുർഗന്ധപൂരിതമാകും. ഇപ്പോൾ നെയ്യാറിന് ഒഴുക്കുള്ളതിനാലാണ് വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒഴുകിപ്പോകുന്നത്. മാലിന്യനിക്ഷേപം തുടർന്നാൽ മാസങ്ങൾക്കുള്ളിൽ ഇവ അടിഞ്ഞുകൂടി ജലാശയം മാലിന്യത്താൽ നിറയും.
വാഹനങ്ങളിൽ നിന്ന് തെറിച്ചുവീഴുന്ന മാലിന്യങ്ങൾകൊണ്ട് പാലത്തിലേക്കുള്ള വഴികളും നിറഞ്ഞു. ഇതിൽ നിന്നുള്ള ദുർഗന്ധം രൂക്ഷമാണ്. സമീപത്തെ സ്വകാര്യ വസ്തുയുടമയുടെ അനുവാദത്തോടെ മാലിന്യം തള്ളാൻ ഏജൻസികൾക്ക് അനുവാദം നൽകിയതായും വിവരമുണ്ട്. ഇതോടെ പാലത്തിലും സ്വകാര്യവസ്തുവിലും ഒരുപോലെ മാലിന്യം തള്ളുകയാണ്.ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തള്ളാൻ ഇടമില്ല
അംഗീകാരമില്ലാത്ത ഏജൻസികൾ ജില്ലയിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ തമിഴ്നാട്ടിൽ നിക്ഷേപിച്ചത് പിടികൂടിയിരുന്നു. ഇതോടെ മാലിന്യനിക്ഷേപത്തിന് അറക്കുന്ന് പാലം ഇക്കൂട്ടരുടെ പ്രധാന കേന്ദ്രമായി മാറുകയായിരുന്നു. സെപ്‌റ്റേജ് മാലിന്യം ഉൾപ്പെടെ ആറ്റിലേക്ക് ഒഴുക്കുകയാണ്.
ഇവിടെയാണ്
നെയ്യാറ്റിൻകര മാരായമുട്ടം റോഡിൽ അറക്കുന്ന് പാലത്തിന് മുകളിൽ നിന്നാണ് മാലിന്യങ്ങൾ തള്ളുന്നത്.പാലത്തിന്റെ ഒരുവശം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ കച്ചേരി വാർഡിന്റെയും മറുവശം ഇരുമ്പ വാർഡിന്റെയും ഭാഗമാണ്.
ക്യാമറ നോക്കുകുത്തി
പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളാതിരിക്കാനുള്ള വേലികളില്ലാത്തതിനാൽ ലോറിയിൽ കൊണ്ടുവന്ന് തള്ളാനും സൗകര്യമാണ്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ രണ്ടും പ്രവർത്തനരഹിതമായതിനാൽ അവയെ നോക്കുകുത്തിയാക്കി മാലിന്യനിക്ഷേപം വ്യാപകമാണ്.
പരാതി വ്യാപകം,
ഇടപെട്ട് അധികൃതർ
അറക്കുന്ന് പാലത്തിൽ നിന്നുള്ള മാലിന്യം തള്ളൽ സംബന്ധിച്ച പരാതികൾ വ്യാപകമായതോടെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.സർക്കാർ ആവിഷ്കരിക്കുന്ന മാലിന്യനിർമ്മാജ്ജന പ്രവർത്തനങ്ങൾ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കാര്യക്ഷമമായി നടപ്പിലാക്കിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ വർഷം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് വീഴ്ചകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |