
പാലോട്: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി പാടത്ത് കൃഷി അന്യമാകുന്നു.അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിലുള്ളത്. ഇതിന്റെ മുക്കാൽ ഭാഗവും നിലംനികത്തി വാഴയും,മരച്ചീനിയും,വെറ്റിലക്കൊടിയും നട്ടു.ബാക്കിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്.മിക്ക കർഷകരും കൃഷി നിറുത്തി.വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്.ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തിരുന്നതും നിലച്ചമട്ടാണ്.പാടത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. പാടത്ത് വീണ്ടും കൃഷിയാരംഭിക്കണമെങ്കിൽ പന്നി ശല്യം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ചെല്ലഞ്ചി പാടശേഖരത്തിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആരംഭിക്കുന്നത് മുൻ പഞ്ചായത്ത് പ്രസിഡന്റ് നന്ദിയോട് രവീന്ദ്രനാഥിന്റെ ഭരണസമിതിയുടെ കാലത്താണ്. പ്രാവർത്തികമാകുന്നത് മുൻപ്രസിഡന്റ് ദിവാകരൻ നായരുടെ സമയത്താണ്. ചെല്ലഞ്ചി ആറ്റുകടവിൽ പമ്പ്ഹൗസ് പണിയുകയും പ്രേസേനൻ എന്ന വ്യക്തി സൗജന്യമായികൊടുത്ത രണ്ട് സെന്റ് വസ്തുവിൽ ഓവർ ഹെഡ് ടാങ്ക് പണിതുമാണ് വാമനപുരംനദിയിൽ നിന്നും കൃഷിക്ക് ആവശ്യമായ വെള്ളമെത്തിച്ചിരുന്നത്. 15 എച്ച്.പിയുടെ രണ്ട് പമ്പുസെറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ ഒരെണ്ണം വർഷങ്ങൾക്കു മുൻപ് കേടായി. ഇത് നന്നാക്കിയിട്ടുമില്ല.
ട്രില്ലർ പ്രവർത്തന രഹിതമായി
ചെല്ലഞ്ചി പാടത്തിലെ കൃഷി കർഷകർ ഉപേക്ഷിക്കാൻ പ്രധാന കാരണം നിലം ഒരുക്കുന്നതിനും, നെല്ല് കൊയ്യുന്നതിനും തൊഴിലാളികളെ കിട്ടാത്തതാണ്.ഈ പ്രതിസന്ധി മുന്നിൽ കണ്ട് വർഷങ്ങൾക്കു മുൻപ് കൃഷിഭവൻ മുഖേനേ ഒരു ട്രില്ലർ ചെല്ലഞ്ചിപാടത്തിനു കിട്ടിയിരുന്നു. അത് വാമനപുരം നദിയിൽ വീണതിനെ തുടർന്ന് പ്രവർത്തന രഹിതമായി. അതിനുശേഷം വാമനപുരം, കടയ്ക്കൽ ഭാഗങ്ങളിൽനിന്നും വാടകയ്‌ക്കെടുത്താണ് കൃഷി നടത്തിയിരുന്നത്.ഇതിന്റെ ചെലവ് കൂടിയതും പ്രതിസന്ധിയായി.കൃഷിഭവനും, ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് നെൽകൃഷി പുനരാരംഭിക്കാൻ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം
പാടശേഖരത്തിനു ചുറ്റും സംരക്ഷണവേലി സ്ഥാപിക്കാൻ കൃഷിമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് തുക അനുവദിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കാത്തനിനാൽ അതും ലാപ്സായി.
നാളിതുവരെയായിട്ടും അധികൃതർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയൊന്നും തയ്യാറാക്കിയിട്ടില്ല.
മുൻകാലങ്ങളെപ്പോലെ കൃഷി ഉദ്യോഗസ്ഥർ പാടസന്ദർശനം നടത്തിയിരുന്നത് നിലവിൽ നടക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |